കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബത്തേരിയില്‍ ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ച സാഹചര്യത്തിലായിരുന്നു എംഎസ്എഫിന്‍റെ പ്രതിഷേധ മാര്‍ച്ച്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ലീഗ് ഹൗസിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകർ ബാരിക്കേഡുകള്‍ മറികടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതോടെ നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി. തുടര്‍ന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് മിസഹബ് കീഴരിയൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട്, സംസ്ഥാന വൈസ് പ്രസിഡന്റ് ഷരീഫ് എടക്കയിൽ, ഷുഹൈബ് മുഖദാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.