കോഴിക്കോട്: കേരളത്തിന്‍റെ ജലഗതാഗത വികസനത്തില്‍ ദീർഘ വീക്ഷണത്തോടെ ബ്രിട്ടിഷുകാർ നിർമിച്ചതാണ് കനോലി കനാല്‍. ഒരു കാലത്ത് കോഴിക്കോട് നഗരത്തിന്‍റെ മുഖമുദ്രയായിരുന്നു ഈ ജലപാത. കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ വിശാല ജല ഗതാഗത മാർഗം എന്ന ഉദ്ദേശത്തോടെ 1848-ൽ മലബാർ ജില്ലാ കലക്ടറായിരുന്ന എച്ച്.വി. കനോലിയുടെ മേല്‍നോട്ടത്തില്‍ പണിതീർത്തതാണ് ഈ കനാൽ. എച്ച്.വി. കനോലിയുടെ മരണ ശേഷമാണ് കനാലിന് ഈ പേരിട്ടത്. കോഴിക്കോട് നഗരത്തില്‍ വടക്ക് കോരപ്പുഴയെയും തെക്ക് കല്ലായിപ്പുഴയെയും ബന്ധിപ്പിച്ച് 11.4 കിലോമീറ്ററാണ് കനാലിന്‍റെ ദൂരം. വിവിധ സ്ഥലങ്ങളില്‍ ആറ് മുതൽ 20 മീറ്റർ വരെയാണ് കനാലിന്‍റെ വീതി. മഴക്കാലത്ത് കനാലിലെ ജലവിതാനം രണ്ട് മീറ്റർ വരെ ഉയരാറുണ്ട്. പക്ഷേ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ കനാലിന്‍റെ ദുരവസ്ഥയും ആരംഭിച്ചു.
കനാലിന്‍റെ അരികിലുള്ള കടകളില്‍ നിന്നും മാലിന്യം വീണുതുടങ്ങിയതോടെ തെളിനീര്‍ വാഹിനിയായിരുന്ന കനാല്‍ ദുര്‍ഗന്ധവാഹിനിയായി. പക്ഷേ കോഴിക്കോട്ടുകാർക്ക് കനോലി കനാലിനെ മരണത്തിലേക്ക് തള്ളിവിടാൻ കഴിയുമായിരുന്നില്ല. നിറവ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ശുചീകരണം ആരംഭിച്ചു. എന്നാല്‍ കാര്യങ്ങൾ അത്ര സുഗമമായിരുന്നില്ല. ആഴങ്ങളിലേക്ക് ഇറങ്ങും തോറും അരികിടിയുന്ന അവസ്ഥ. വൃത്തിയാക്കും തോറും കൂടുന്ന മാലിന്യം.
ഒടുവില്‍ ജില്ലാ ഭരണകൂടവും കോർപ്പറേഷനും ഇടപെട്ടു. റസിഡൻസ് അസോസിയേഷനുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ സംരക്ഷണ പദ്ധതി ആവിഷ്‌കരിച്ചു. എന്നാല്‍ ലോക്ക് ഡൗൺ ആയതോടെ ശുചീകരണവും സംരക്ഷണവും നിലച്ചു. പിന്നാലെ അവസ്ഥ പഴയതിലും മോശമായി. സരോവരം ബയോപാർക്കിലേക്ക് കനാലിന് കുറുകെയുള്ള പാലത്തിനടിയിൽ മാലിന്യങ്ങൾ കുമിഞ്ഞ് കൂടി ഒഴുക്ക് നഷ്ടപ്പെട്ടു. കുളവാഴയടക്കമുള്ള ജലസസ്യങ്ങൾ വളർന്ന് അവയ്ക്കിടയിലാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങളടക്കം അടിഞ്ഞ് കിടക്കുന്നത്. പല ഘട്ടങ്ങളായി നടന്ന മൂന്ന് കോടി രൂപയുടെ പദ്ധതികളാണ് ഇതോടെ പാഴായത്.
മൂന്ന് നിയമസഭ മണ്ഡലങ്ങളിലൂടെ ഒഴുകുന്ന കനാൽ എങ്ങനെ മലിനമാകുന്നു എന്നതിനെ കുറിച്ച് സി.ഡബ്ളിയു.ആർ.ഡി.എം പഠനം നടത്തി. ഇരുകരകളിലുമുള്ള കെട്ടിടങ്ങളിൽ നിന്നുള്ള മാലിന്യമാണ് കനാലിനെ നശിപ്പിക്കുന്നതെന്ന് പഠന റിപ്പോർട്ട് ലഭിച്ചു. ഇതോടെ മാലിന്യം വൃത്തിയാക്കി തെളിഞ്ഞ വെള്ളം കനാലിലേക്ക് തിരിച്ച് വിടുന്ന ആശയവും ഉയർന്ന് വന്നു. എന്നാല്‍ ഒന്നും മുന്നോട്ട് പോയില്ല. കനാലിന്‍റെ വികസനത്തിന് ഫലവത്തായ ഒരു പദ്ധതിയും ഇതുവരെ യാഥാർഥ്യമായിട്ടില്ലെന്ന് എ. പ്രദീപ് കുമാർ എഎൽഎ പറയുന്നു. കനാലിനെ മനോഹരമാക്കാൻ എംഎൽഎ അടങ്ങുന്ന ഒരു സംഘം ഒരു രൂപരേഖ ഉണ്ടാക്കിയിരുന്നു. വിനോദ സഞ്ചാരം കൂടി ഉൾക്കൊണ്ടായിരുന്നു ആ പദ്ധതി. എന്നാൽ സർക്കാരിന്‍റെ ബൃഹത് പദ്ധതി പ്രഖ്യാപിച്ചതോടെ അത് നിലച്ചു.
ദേശീയ ജലപാതയടക്കം വൻ പദ്ധതികളാണ് നിലവിലെ എല്‍ഡിഎഫ് സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ളത്. പക്ഷേ അവിടെയും കനോലി കനാലിനെ മറന്നു. കനാലിന്‍റെ നവീകരണം സാധ്യമായാല്‍ കോഴിക്കോട് നഗരത്തിന്‍റെ മുഖച്ഛായ തന്നെ മാറും. നഗരസൗന്ദര്യത്തിനൊപ്പം ശുദ്ധജല ലഭ്യതയിലും മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.