കോഴിക്കോട്: പാറക്കല്ല് വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തിൽ താമരശ്ശേരി ചുരത്തിൽ ഇന്ന് ദേശീയപാത വിഭാഗം പരിശോധന നടത്തും. ചുരത്തിൽ ആദ്യമായാണ് ഇത്തരമൊരു അപകടം ഉണ്ടായത്. ഏത് സാഹചര്യത്തിലാണ് അപകടമുണ്ടായതെന്ന് ദേശീയപാത വിഭാഗത്തിൻ്റെ ഫീൽഡ് ജീവനക്കാർ പരിശോധിക്കും.
വനവുമായി ബന്ധപ്പെട്ട ഭാഗത്ത് എന്തെങ്കിലും പ്രശ്‌നമുണ്ടായതിനെ തുടർന്നാണോ കല്ല് താഴേക്ക് പതിച്ചതെന്ന് വനം വകുപ്പും പരിശോധിച്ച് വരികയാണ്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് വണ്ടൂർ സ്വദേശി അഭിനവ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അനീഷ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്‌ച ഉച്ചയോടെ ചുരത്തിലെ ആറാം വളവിലാണ് അപകടം നടന്നത്. വീഴ്‌ചയിൽ മരത്തിലും കല്ലിലും ഇടിച്ചുണ്ടായ ഗുരുതര പരിക്കാണ് അഭിനവിന്‍റെ മരണ കാരണമായത്. കൊക്കയിലേക്ക് വീണ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.