കോഴിക്കോട്: നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ഇബി. അസി.എഞ്ചിനിയർ ടെനി, സബ് എഞ്ചിനിയർ വിനീഷ് എന്നിവരെ സസ്പെൻഡ് ചെയ്‌തു. പൂർത്തിയാകാത്ത ജോലി പൂർത്തിയായെന്ന് കാണിച്ച് കരാറുകാരന് ബില്ല് ഒപ്പിട്ട് നൽകിയതിനാണ് സസ്പെൻഷൻ.
ജൂൺ 23നാണ് കോഴിക്കോട്-ബേപ്പൂര്‍ പാതയില്‍ നടുവട്ടത്ത് ഉണ്ടായ അപകടത്തില്‍ ബേപ്പൂർ സ്വദേശിയായ അർജുൻ (22) മരിച്ചത്. ഉപയോഗ ശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെ റോഡിലേക്ക് പതിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്നു അർജുന്‍റെ തലയിലേക്കാണ് പോസ്റ്റ് വീണത്. യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
സംഭവത്തിൽ കെഎസ്ഇബി കരാറുകാരനായ ആലിക്കോയ എന്നയാളെ ബേപ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇയാൾക്കെതിരെ നരഹത്യയ്ക്കും പൊലീസ് കേസെടുത്തു. ബോര്‍ഡിന്‍റെ അറിവില്ലാതെയാണ് പോസ്റ്റ് നീക്കം ചെയ്തതെന്നും കരാറുകാരന്‍റെ വീഴ്‌ചയാണ് അപകടകാരണമെന്നുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വാദം.