കോഴിക്കോട് : മലയോര മേഖലകളില്‍ ചാരായ നിര്‍മാണം തകൃതിയായി നടക്കുകയാണ്. വടകര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വളയം വള്ള്യാട് നിന്നും 700 ലിറ്റര്‍ വാഷ് പിടികൂടി. വള്ള്യാട് തോടിനരികില്‍ ചാരായം വാറ്റാന്‍ സൂക്ഷിച്ച 700 ലിറ്റര്‍ വാഷാണ് പിടികൂടിയത്. ഇവിടെ നിന്ന് വാറ്റുപകരണങ്ങളും കണ്ടെത്തി. ഓണം സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 3000 ലിറ്ററിലധികം വാഷാണ് എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഷ് ശേഖരം പിടികൂടിയത്. 200 ലിറ്ററിന്‍റെ രണ്ട് ബാരലുകളും, ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയ ടാങ്കില്‍ സൂക്ഷിച്ച നിലയില്‍ 300 ലിറ്റര്‍ വാഷുമാണ് എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചത്.