കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള ആർട്‌സ് ആന്‍റ് സയൻസ് കോളജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാ നമ്പറും പാസ് വേഡും നൽകി ലോഗിൻ ചെയ്ത് ലിസ്റ്റ് പരിശോധിക്കാം.
ആദ്യ ഒപ്ഷനിൽ പ്രവേശനം ലഭിച്ചിട്ടുള്ളവർ യൂണിവേഴ്‌സിറ്റി ഫീസ് ഓൺലൈനായി അടച്ച് അതത് കോളജുകളുമായി ബന്ധപ്പെട്ട് അവിടത്തെ ഫീസ് അടയ്ക്കുകയും ടി.സി. സ്വഭാവ സർട്ടിഫിക്കറ്റ്, ഒപ്പിട്ട അലോട്ട്മെന്‍റ് മെമ്മോ എന്നിവ നിശ്ചിത സമയത്ത് ഇ-മെയിൽ മുഖേന സമർപ്പിച്ച് പ്രവേശനം നേടുകയും വേണം. തുടർന്ന് 15 ദിവസത്തിനകം നേരിട്ടോ തപാൽ മുഖേനയോ രേഖകളുടെ ഒറിജിനൽ കോളജുകളിൽ ഹാജരാക്കേണ്ടതാണ്.
ഇവർക്ക് താത്കാലിക പ്രവേശനം അനുവദിക്കുന്നതല്ല. ബന്ധപ്പെട്ട കോളജുകളുടെ ഫോൺ നമ്പറുകൾ സിഎപി (ക്യാപ് ) വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ആദ്യ ഒപ്ഷനിൽ പ്രവേശനം ലഭിക്കാത്തവർക്ക് സ്ഥിര പ്രവേശനമോ താത്ക്കാലിക പ്രവേശനമോ തെരഞ്ഞെടുക്കാം. സ്ഥിര പ്രവേശനം നേടുന്നവർ മുകളിൽ പറഞ്ഞ പ്രകാരം പ്രവേശന നടപടികൾ പൂർത്തീകരിച്ച് പ്രവേശനം ഉറപ്പാക്കണം.
Also read: അനുനയവുമായി സംസ്ഥാന നേതൃത്വം; വി.ഡി സതീശൻ ഉമ്മൻചാണ്ടിയുമായി ചർച്ച നടത്തി
രണ്ടാം അലോട്ട്മെന്‍റിൽ പേരുള്ളവർ സെപ്റ്റംബർ ഒമ്പതിന് വൈകിട്ട് നാലിനകം സ്ഥിര/താത്കാലിക പ്രവേശനത്തിനുള്ള നടപടികൾ പൂർത്തിയാക്കാത്ത പക്ഷം അലോട്ട്മെന്‍റ് റദ്ദാകും. ആദ്യ അലോട്ട്മെന്‍റിൽ താത്കാലിക പ്രവേശനം നേടിയവർക്ക് രണ്ടാം അലോട്ട്മെന്‍റിലും അതേ നില തന്നെയാണെങ്കിൽ അവർക്ക് നിശ്ചിത സമയത്ത് ഒപ്ഷനുകൾ പുനക്രമീകരിക്കുകയോ മൂന്നാം അലോട്ട്മെന്‍റിനായി കാത്തിരിക്കുയോ ചെയ്യാം.
കോളജുകളിൽ പ്രവേശനം നേടുന്നവർ സെപ്റ്റംബർ ഒമ്പത് വൈകിട്ട് നാലിനകം ലോഗിൻ ചെയ്ത് കൺഫർമേഷൻ സ്ലിപ്പ് പരിശോധിച്ച് ഉറപ്പാക്കണം. നിശ്ചിത സമയത്തിന് ശേഷം ഇത് സംബന്ധിച്ച പരാതികൾ സർവകലാശാല പരിഗണിക്കില്ല. ഒപ്ഷനുകൾ പുനക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും സെപ്റ്റംബർ 10, 11 തിയ്യതികളില്‍ അപേക്ഷകർക്ക് അവസരം ലഭിക്കും.