കോട്ടയം: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാലിടങ്ങളില്‍ ജനപക്ഷം മത്സരിക്കുമെന്ന് പി.സി ജോര്‍ജ് എംഎല്‍എ. മറ്റ് 18 ഇടങ്ങളില്‍ സ്ഥാനാര്‍ഥികളുടെ മഹത്വം നോക്കി പിന്തുണയ്‌ക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. കേരള ജനപക്ഷം സെക്കുലറിന് അനുകൂലമായ സാഹചര്യമാണ് തദ്ദേശ തെരഞ്ഞെടുപ്പിലുള്ളതെന്ന് പി.സി ജോര്‍ജ് സൂചിപ്പിച്ചു.
പാര്‍ട്ടിയുടെ അഭിമാന സീറ്റായ പൂഞ്ഞാറില്‍ അഡ്വ. ഷോണ്‍ ജോര്‍ജ്, ഭരണങ്ങാനം ഡിവിഷനില്‍ സജി എസ്. തെക്കേല്‍, മുണ്ടക്കയം ഡിവിഷനില്‍ രാജമ്മ, എരുമേലിയില്‍ അനീഷ് വാഴയില്‍ എന്നിവരാണ് മത്സരിക്കുന്നത്. പൂഞ്ഞാറും എരുമേലിയും 100 ശതമാനവും വിജയിക്കുമെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. എല്ലാ ജില്ലകളിലും ശക്തമായ മത്സരമാണ് നടക്കുന്നത്. എല്‍ഡിഎഫും യുഡിഎഫുമായി യാതൊരു ബന്ധവുമില്ല. അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് നടത്തുന്നത്. ഒരു മുന്നണിയും മോശമാണെന്ന് പറയില്ല. ജില്ലാ പഞ്ചായത്തിലെ 18 ഡിവിഷനുകളില്‍ കൊടിയുടെ നിറവും മണവും നോക്കാതെ പൊതുപ്രവര്‍ത്തന പാരമ്പര്യവും, അഴിമതിരഹിത മനോഭാവവും നോക്കി സ്ഥാനാര്‍ഥികളെ പിന്തുണയ്‌ക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
പൂഞ്ഞാര്‍ തെക്കേക്കര, തിടനാട് പഞ്ചായത്തുകളില്‍ ഒറ്റയ്‌ക്ക് ജയിക്കാന്‍ കഴിയും. പൂഞ്ഞാര്‍ പഞ്ചായത്തിലും നല്ല വിജയ സാധ്യതയുണ്ട്. തലനാട് മൂന്നിലവ് പഞ്ചായത്തുകളില്‍ ആര് ഭരിക്കണമെന്ന് ജനപക്ഷം തിരുമാനിക്കുമെന്നും എംഎല്‍എ പറഞ്ഞു. മുമ്പത്തേക്കാള്‍ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ ഇത്തവണയുണ്ടാകുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. പിണറായി വിജയന്‍ രാജി വയ്ക്കാതിരിക്കുന്നത് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയോടും കേരളത്തോടും കാണിക്കുന്ന വലിയ പാതകമാണ്. കോടിയേരി ഒരു മാസം മുന്‍പ് രാജിവച്ച് മാതൃക കാണിക്കണമായിരുന്നുവെന്നും പിണറായി രാജിവച്ച് നിരപരധിത്വം തെളിയിക്കണമെന്നും പി.സി ജോര്‍ജ് എംഎല്‍എ പറഞ്ഞു.