വലത് കോട്ടയെ തകർത്ത് പാലാ ചുവക്കുമ്പോള്‍, പഴങ്കഥയാവുന്നത് 1965 ൽ തുടങ്ങിയ കെ എം മാണിയുടെ ചരിത്രമാണ്. പിറവികൊണ്ട നാള്‍ മുതൽ ഇന്നോളം മാണി എന്നല്ലാതെ മറ്റൊരു പേര് പാലായക്ക് ഉണ്ടായിരുന്നില്ല. 65 മുതൽ 82 വരെ കേരള കോൺഗ്രസിന്‍റെ ഭാഗമായും 87 മുതൽ കേരള കോൺഗ്രസ് എമ്മിന്‍റെ ഭാഗമായും 13 തവണയാണ് മണ്ഡലത്തിൽ നിന്നും കെ എം മാണി തെരഞ്ഞെടുക്കപ്പെട്ടത്. 54 വർഷത്തെ ഈ ആധിപത്യമാണ് ചുവപ്പൻ കാറ്റിൽ തകർന്നടിഞ്ഞത്.
തളരാത്ത പോരാട്ട വീര്യത്തിനൊടുവിൽ തന്‍റെ നാലാം അങ്കത്തിൽ മാണി സി കാപ്പൻ പാലായുടെ പ്രിയ പുത്രനാവുമ്പോള്‍, കേരളകോണ്‍ഗ്രസിൽ ഉടലെടുത്ത അധികാര വടംവലികള്‍ തന്നെയാണ് ഇടത് മുന്നേറ്റത്തിന്‍റെ പ്രധാന കാരണം. കോണ്‍ഗ്രസിനും വേരോട്ടമുള്ള മണ്ണിൽ കേരള കോണ്‍ഗ്രസ് കൈയടക്കി വെച്ച ആധിപത്യം, കോണ്‍ഗ്രസ് ക്യാമ്പിൽ ഉണ്ടാക്കിയിരുന്ന അസ്വസ്ഥതയും പരസ്യമായ രഹസ്യമാണ്. 2016 ലെ ബാർകോഴ വിവാദം ഉണ്ടാക്കിയ സ്വരചേർച്ചയും ചെറുതല്ല. പാളയത്തിൽ പടയെരുങ്ങിയപ്പോള്‍ മണ്ഡലത്തിലെ പ്രചാരണം ശക്തമാക്കിയ ഇടത് തന്ത്രവും എടുത്ത് പറയേണ്ടത് തന്നെ. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി, പാലായിൽ മാണിയുടെ ലീഡ് കുറയാന്‍ ഇടതിന് സാധിച്ചു.
പുതു ചരിത്രം കുറിച്ച് ഇടത് മുന്നണി പാലാ കീഴടക്കുമ്പോള്‍, ഇനി യുഡിഎഫ് ക്യാമ്പിനെ കാത്തിരിക്കുന്നത് കലുഷിതമായ രാഷ്ട്രിയമാണ്. പാളയത്തിലെ പട തന്നെയാവും നേതാക്കളുടെ മുന്നിലുള്ള പ്രധാന തല വേദന. മാണിയുടെ മരണത്തോടെ കേരള കോണ്‍ഗ്രസിൽ തുടങ്ങിയ അധികാര പോരും ഇനി അതിന്‍റെ അങ്ങേ തലക്കലേക്ക് നീങ്ങുമെന്നതിൽ തർക്കമില്ല. അവസാനവട്ട പ്രചരണ വേളയിൽ മാറി നിന്ന വിഭാഗിയത വീണ്ടും തുറന്ന പോരിലേക്ക് തന്നെയാവും എത്തുക. കള്ളൻ കപ്പലിൽ തന്നെയെന്ന് വിമർശനം ഉന്നയിച്ച് ജോസ് ടോമും, ജോസ് പക്ഷം വോട്ട് മറിച്ചെന്ന ആരോപണവുമായി ജോസഫും രംഗത്തെത്തി കഴിഞ്ഞു. അത്കൊണ്ട് തന്നെ ചൂടേറിയ രാഷ്ട്രിയ ചർച്ചകള്‍ക്ക് ഒടുവിൽ പാലയുടെ പരിണിത ഫലം എന്തെന്ന് തന്നെയാവും ഇനി രാഷ്ട്രിയ കേരളം ഉറ്റു നോക്കുന്നത്.