കോട്ടയം: ഖാദി വസ്ത്രധാരണത്തെ ഒരു ദേശീയ വികാരമായി സമൂഹം കാണണമെന്നും പരിസ്ഥിതി സൗഹൃദ വസ്ത്രമെന്ന നിലയിൽ പ്രചരണം വിപുലമാക്കണമെന്നും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും ജില്ല ഖാദി ഗ്രാമവ്യവസായ ഓഫിസും ചേർന്ന് സംഘടിപ്പിച്ച പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി (പിഎംഇജിപി) ജില്ലാതല സംരംഭത്വക ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖാദി വസ്ത്രനിർമാണത്തിനു പിന്നിൽ നൂൽനൂൽപ് മുതൽ തറിനെയ്ത്തുവരെ കായികാദ്ധ്വാനം നടത്തുന്ന തുച്ഛമായ വേതനം കൈപ്പറ്റുന്ന തൊഴിലാളികളെ സഹജീവി സ്നേഹത്തോടെ സംരക്ഷിക്കണം. ഗാന്ധിജിയുടെ സ്വപ്‌നം പോലെ ഗ്രാമീണ മേഖലയിലെ ദരിദ്രരായ ജനങ്ങള്‍ക്ക് തൊഴിൽ നൽകാനും സംരംഭകത്വത്തിലൂടെ തൊഴിൽദാതാവാകാനും കഴിയണം.
ഇതിനായി സമൂഹവും ജനപ്രതിനിധികളും ഖാദി ജീവനക്കാരും ഒറ്റക്കെട്ടായി നിൽക്കണമെന്നും നിഷേധ തീരുമാനങ്ങൾ കൈക്കൊള്ളുന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ ബോർഡിന്‍റെ ഇടപെടലുണ്ടാകുമെന്നും പി ജയരാജൻ വ്യക്തമാക്കി.
എന്താണ് പിഎംഇജിപി?
25 ലക്ഷം രൂപ വരെ അടങ്കലുള്ള വ്യവസായ പദ്ധതികളിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനായി 95 ശതമാനം വരെ ബാങ്ക് വായ്‌പയും 35 ശതമാനം വരെ മാർജിൻ മണി സബ്‌സിഡിയും നൽകി പുതുസംരംഭകരെ സഹായിക്കുന്ന പദ്ധതിയാണ് പിഎംഇജിപി. വിജയകരമായി നടപ്പാക്കുന്ന പദ്ധതികൾ ഒരു കോടിവരെ അടങ്കലുള്ള വ്യവസായമായി വികസിപ്പിക്കാനും നൂതന സാങ്കതിക വിദ്യകളുടെ സഹായത്താൽ ഇ-ട്രാക്കിങ്, ജിയോ-ടാഗിങ് സംവിധാനങ്ങളിലൂടെ നടപ്പിൽ വരുന്ന പദ്ധതികളെ അടുത്തറിയാനും പദ്ധതിയിലൂടെ സാധിക്കും.