കോട്ടയം: തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടർ തുറന്നതോടെ അപ്പർകുട്ടനാടൻ മേഖലയിലെ പാടശേഖരങ്ങളോട് ചേർന്ന തുരുത്തുകളിൽ താമസിക്കുന്ന കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയില്‍. കൊയ്ത്ത് കഴിഞ്ഞ് വെള്ളം കയറ്റിയിട്ടിരുന്ന പാടത്തേക്ക് വെള്ളം ഇരച്ചെത്തിയതോടെ കുമരകം പള്ളിച്ചിറ മേഖലയിലെ ഏഴോളം കുടുംബങ്ങൾ ദുരിതത്തിലായി. വീടുകളിലേക്കും വെള്ളം കയറി. വരമ്പിലേക്ക് വെള്ളം കയറാതെ മാത്രമേ വെള്ളം തുറത്തുവിടാൻ പാടുള്ളുവെന്ന് പാടശേഖര സമിതിയോട് ആവശ്യപ്പെട്ടിരുന്നു.
ബണ്ടിലെ വെള്ളം കൂടിയെത്തി വരമ്പ് കവിഞ്ഞതോടെ വെള്ളം മോട്ടറുപയോഗിച്ച് പുറത്തു കളയുകയയെന്നതാണ് വെള്ളപ്പൊക്കം ഒഴിവാക്കാനുള്ള മാർഗം. എന്നാൽ വെള്ളം പുറത്തേക്ക് ഒഴുക്കാൻ പാടശേഖര സമിതി തയ്യാറായിട്ടില്ല. പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചിട്ടും വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും ഇവർ പറയുന്നു. വീടുകളും റോഡും നിരന്ന് വെള്ളം കയറിയതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. കിടപ്പു രോഗികൾ മുതൽ കൊച്ചു കുട്ടികൾ വരെ ഭയപ്പാടോടെയാണ് ഓരോ ദിവസവും മുമ്പോട്ട് നീങ്ങുന്നത്.
സഞ്ചാരയോഗ്യമായ റോഡ് എന്നുള്ള ഇവരുടെ ആവശ്യവും ഹനിക്കപ്പെട്ടിരിക്കുന്നു. പ്രദേശവാസിയായ ഒരാളുടെ നിസഹകരണമാണ് ഈ സാധ്യതക്കും തുരങ്കം വച്ചത്. വെള്ളം കയറാതെ തറ മണ്ണിട്ട് ഉയര്‍ത്തണമെങ്കില്‍ വാഹനം എത്തും വിധത്തിലുള്ള വഴിയും ആവശ്യമാണ്. വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശത്ത് വേനൽമഴ കൂടി ശക്തമായാൽ എന്തു ചെയ്യുമെന്നറിയാതെ നിൽക്കുകയാണ് ഈ കുടുംബങ്ങള്‍.