കോട്ടയം: പുലിയന്നൂർ മഹാദേവക്ഷേത്രത്തിൽ എഴുന്നള്ളത്തിന് എത്തിച്ച ആനകൾ വിരണ്ടോടി. കൊമ്പന്മാരായ കാളകുത്തി കണ്ണനും, ഉണ്ണിപ്പിള്ളി ഗണേശനുമാണ് വിരണ്ടോടിയത്. ഞായറാഴ്‌ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രണ്ട് കൊമ്പൻമാരെയും പാപ്പാൻമാർ തളച്ചു.
ഉത്സവത്തിന്‍റെ ഭാഗമായി രാവിലെയുള്ള എഴുന്നള്ളത്ത് ചടങ്ങുകൾക്കായി ഒരുക്കുന്നതിനിടെയാണ് ആനകൾ ഇടഞ്ഞത്. കൊമ്പന്മാരെ കുളിപ്പിക്കുന്നതിനിടെ ആദ്യം ഉണ്ണിപ്പിള്ളി ഗണേശൻ വിരണ്ടോടുകയായിരുന്നു. ഉണ്ണിപ്പിള്ളിയെ തളയ്ക്കാനുള്ള ശ്രമത്തിനിടെ വിരണ്ടു പോയ കാളകുത്തി കണ്ണൻ മറ്റൊരു വഴിയ്ക്ക് ഓടി. പിന്നാലെ, പാപ്പാന്മാരും ഓടിയതോടെ ക്ഷേത്രത്തിൽ സ്ഥിതി രൂക്ഷമായി.
തുടർന്ന് നാട്ടുകാർ വിവരം വനം വകുപ്പിലും പാലാ പൊലീസിലും അറിയിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോൾ ആന പ്രദേശത്തെ റബർ തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് പാപ്പാന്മാർ ഇവിടെ എത്തി ആനയെ മെരുക്കി ഒപ്പം കൂട്ടി.
ALSO READ: തെരുവ് കച്ചവടക്കാർക്ക് മ്യൂസിയം പരിസരത്ത് പുനരധിവാസ കേന്ദ്രം; പദ്ധതി നടപ്പാക്കുന്നത് 1.7 കോടി ചെലവിൽ
ഇടഞ്ഞ കൊമ്പനെ മയക്കുവെടി വയ്ക്കുന്നതിനായി മയക്കുവെടി വിദഗ്‌ധൻ ഡോ.സാബു സി.ഐസക്കിന്‍റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്ത് എത്തിയിരുന്നു.