കോട്ടയം: പക്ഷിപ്പനി രോഗബാധ ശ്രദ്ധയിൽപ്പെട്ട താറാവിൻ കൂട്ടങ്ങളിൽ നിന്നും ശേഖരിച്ച കൂടുതൽ സാമ്പിളുകൾ പരിശോധക്ക് അയച്ചു. വെച്ചൂരിൽ നിന്നും കുമരകത്ത് നിന്നും 10 താറാവുകളെ വീതമാണ് ശേഖരിച്ചത്. തിരുവല്ല മഞ്ഞാടിയിൽ പ്രവർത്തിക്കുന്ന പക്ഷി രോഗ നിർണയ ലബോറട്ടറിയിൽ എത്തിച്ച താറാവുകളെ വിമാന മാർഗമാണ് ഭോപ്പാലിലെ ദേശീയ ലാബിൽ വിശദപരിശോധനയ്ക്കായി അയച്ചത്.
അതേസമയം നേരത്തെ അയച്ച സാമ്പിളുകളുടെ ഫലം ലഭ്യമായിട്ടില്ല. ലാബിൽ നിന്ന് പരിശോധനാ ഫലം കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയ സെക്രട്ടറിക്കാണ് നൽകുക. മന്ത്രാലയത്തിൽ നിന്ന് കേരളത്തിലെ ചീഫ് സെക്രട്ടറി മുഖേനയാണ് മൃഗസംരക്ഷണ വകുപ്പ് ഡയറക്‌ടർ, ജില്ലാ കലക്‌ടർ എന്നിവർക്ക് പരിശോധനയുടെ ഫലം ലഭിക്കുക.
ALSO READ: വി.സി പുനര്‍ നിയമനം; മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് നല്‍കിയ ശുപാര്‍ശ കത്ത് പുറത്ത്
വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തുന്നതിന് താറാവുകളുടെ സ്വാബും രക്തവും വിശദമായി പലതവണ പരിശോധന നടത്തേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഫലം ലഭ്യമാകാൻ താമസിക്കുന്നതെന്ന് ജില്ലാ ജന്തുരോഗ നിയന്ത്രണ പ്രോജക്ട് കോ- ഓർഡിനേറ്റർ ഡോ. ഷാജി പണിക്കശ്ശേരി പറഞ്ഞു.