കോട്ടയം: അയൽവാസിയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി 24 വർഷങ്ങൾക്ക് ശേഷം അറസ്റ്റില്‍. കാണക്കാരി സ്വദേശി ബെന്നിയെ കൊലപ്പെടുത്തിയ വര്‍ക്കിയാണ് ലോക്ക് ഡൗണില്‍ നാട്ടിലെത്തി പിടിയിലായത്. പ്രതിയെ പരിശോധനകൾക്ക് ശേഷം പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
1996 ആഗസ്റ്റ് 23 ന് രാത്രി എട്ട് മണിക്കായിരുന്നു സംഭവം. കൊലപാതക ശേഷം ബെന്നിയുടെ മൃതദേഹം കുളത്തിൽ കെട്ടി താഴ്ത്തിയ ശേഷം പ്രതി നാടുവിടുകയായിരുന്നു. വ്യക്തിവിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് വാദം. ആദ്യം തമിഴ്‌നാട്ടിലും പിന്നീട് കർണാടകയിലെ ശിവമൊഗ്ഗയിലുമായാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്. അവിടെ നിന്ന് അലക്‌സ് എന്ന പേരിൽ വ്യാജ രേഖകളും ഉണ്ടാക്കി. ഇതിനിടെ കാസർകോട് വഴി കേരളത്തിലെത്തിയ വർക്കി തിങ്കളാഴ്ച വൈകിട്ടോടെ കാണക്കാരിയിലെ സഹോദരന്‍റെ വീട്ടിലെത്തുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.