കോട്ടയം:ജില്ലയില്‍ പുതിയതായി 35 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യപ്രവർത്തകർ ഉൾപ്പടെ 27 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലെ വനിത ഹൗസ് സര്‍ജന്‍, ജീവനക്കാരിയായ കുമരകം സ്വദേശിനി എന്നിവരാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധയേറ്റ ആരോഗ്യ പ്രവർത്തകർ.
ഒരേ റിസോര്‍ട്ടിലെ ജീവനക്കാരായ നാലു പേര്‍ ഉള്‍പ്പെടെ കുമരകത്തു നിന്നുള്ള ഏഴു പേര്‍ രോഗബാധിതരായി. ഏറ്റുമാനൂരില്‍ രണ്ടു കന്യാസ്ത്രീകളുടെ പരിശോധനാ ഫലം പോസിറ്റീവാണ്. ചങ്ങനാശേരിയില്‍ മൂന്നു പേര്‍ക്കൂ കൂടി രോഗം സ്ഥിരീകരിച്ചു.സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ ഒരു കാസര്‍കോട് സ്വദേശിയും ഉൾപ്പെടുന്നു. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ മൂന്ന് പേരും, ഇതര സംസ്ഥാനങ്ങളിൽ തിന്നെത്തിയ അഞ്ച് പേരും വൈറസ് ബാധിതരുടെ പട്ടികയിൽ വരുന്നു.
ജില്ലയിൽ ഇനി 526 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുള്ളത്. പുതിയതായി 893 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. വൈറസ് ബാധയേറ്റ് ചികിത്സയിലുണ്ടായിരുന്ന 58 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ 774 പേര്‍ ജില്ലയിൽ രോഗമുക്തി നേടി. നിലവില്‍ കോട്ടയം ജില്ലക്കാരായ 571 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്.