കൊച്ചി: സൗമിനി ജെയിന്‍ മേയര്‍ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ആറ് കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാര്‍ രംഗത്ത്. രണ്ടര വർഷത്തിന് ശേഷം ഭരണമാറ്റമെന്നത് നേരത്തെ തീരുമാനിച്ചതാണെന്നും മകളുടെ വിവാഹം കഴിഞ്ഞ് മാറാമെന്ന് മേയർ ഉറപ്പ് നൽകിയിരുന്നതായും മേയർക്കെതിരെ രംഗത്തെത്തിയ വനിത കൗൺസിലർമാർ പറഞ്ഞു. മേയറെ അപമാനിച്ച് പുറത്താക്കാൻ ശ്രമിക്കുന്നുവെന്ന തരത്തില്‍ വരുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും കൗൺസിലർമാർ കൊച്ചിയിൽ വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
മേയർ നടത്തുന്നത് പാർട്ടി വിരുദ്ധ നടപടിയാണ്. 36 കൗൺസിലർമാരിൽ എട്ട് പേരെ കൂടെ നിർത്തി ഭരണം നടത്താമെന്ന് മേയർ വിചാരിക്കുമെന്ന് കരുതുന്നില്ലെന്നും വനിത കൗൺസിലർമാർ പറഞ്ഞു. ഇക്കാര്യത്തില്‍ ജില്ലാ നേതൃത്വം ഇടപെട്ട് അനുകൂല തീരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.