എറണാകുളം: കള്ളപ്പണം വെളുപ്പിച്ച കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ മകൻ അബ്ദുല്‍ ഗഫൂറിനെ വിജിലൻസ് ചോദ്യം ചെയ്തു. കൊച്ചിയിലെ വിജിലൻസ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യല്‍. മൂന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്.
ചന്ദ്രികാ ദിനപത്രത്തിന്‍റെ അക്കൗണ്ടിലൂടെ നോട്ട് നിരോധന കാലത്ത് വി.കെ ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്‍റെ പരാതി. പരാതി പിൻവലിക്കാൻ ഇബ്രാഹിംകുഞ്ഞും മകനും ഭീഷണിപ്പെടുത്തിയെന്നും അഞ്ചുലക്ഷം രൂപ വാഗ്‌ദാനം ചെയ്തെന്നും ആരോപിച്ച് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പരാതി അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഐ.ജി ക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം പരാതിക്കാരനായ ഗിരീഷ് ബാബുവിന്‍റെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ആരോപണ വിധേയനായ ഗഫൂറിനെയും, ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് അബ്ബാസിനെയും വിജിലൻസ് ചോദ്യം ചെയ്തത്.
കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ആദ്യം സമീപിച്ചത് അബ്ബാസാണെന്ന് ഗിരീഷ് മൊഴി നൽകിയിരുന്നു. ഇരുവരുടെയും മൊഴി വിശകലനം ചെയ്ത ശേഷമായിരിക്കും ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.