കൊച്ചി: സ്പ്രിംഗ്ലര്‍ കരാറിന് പിന്നാലെ സർക്കാരിന്‍റെ ടെലി മെഡിസിൻ പദ്ധതിയിലും ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം. സർക്കാരിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുമായി ബന്ധിപ്പിച്ചിട്ടുളള ക്വിക് ഡോക്ടർ ഹെൽത്ത് കെയർ ആപ്പുവഴി വ്യക്തികളുടെ ആരോഗ്യ വിവരങ്ങളടങ്ങിയ ഡാറ്റ ചോർച്ചയാണ് നടക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി.സതീശൻ എം.എൽ.എ ആരോപിച്ചു.
മുഖ്യമന്ത്രി സമൂഹമാധ്യമത്തിലൂടെ പദ്ധതി പ്രഖ്യാപനം നടത്തിയതിനുശേഷമാണ് കമ്പനിയുടെ വെബ്സൈറ്റ് രൂപീകരിച്ചിരിക്കുന്നത്. ഐ ടി മേഖലയുമായി ഒരു ബന്ധവുമില്ലാത്ത രണ്ടുപേരാണ് കമ്പനി ഡയറക്‌ടര്‍മാർ. ഓട്ടോ ഡ്രൈവറായ എറണാകുളം സ്വദേശിയും തിരുവനന്തപുരത്ത് താമസിക്കുന്ന ലോഡ്‌ജ് നടത്തുന്ന ചങ്ങനാശ്ശേരി സ്വദേശിയുമാണ് രേഖകൾ പ്രകാരം ഈ കമ്പനിയുടെ ഡയറക്‌ടര്‍മാർ. മിനിസ്ട്രി ഓഫ് കൊമേഴ്‌സിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ഈ രണ്ടു പേരുടെയും പേരിൽ മറ്റൊരു ബിസിനസും ഇല്ല. ക്വിക് ഡോക്ടർ എന്ന കമ്പനി ഇവരുടെ ആദ്യ സംരംഭമാണ്. ഈ കാലയളവിൽ ഐ.ടി. വകുപ്പ് നടത്തിയിട്ടുള്ള എല്ലാ ഇടപാടുകളും അന്വേഷണ വിധേയമാക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
സ്പ്രിംഗ്ലർ കമ്പനിയുമായി സർക്കാർ ഉണ്ടാക്കിയ കരാർ ലംഘനമുണ്ടായാൽ അതിനെതിരെ ന്യൂയോർക്കിലെ കോടതിയേയും സമീപിക്കാനാവില്ല. സ്പ്രിംഗ്ലറിന് ബഹുരാഷ്ട്രാ മരുന്ന് നിർമാണ കുത്തകയായ ഫൈസർ കമ്പനിയുമായി ഉള്ള ബന്ധത്തെ കുറിച്ച് പുറത്തു വന്നിട്ടുള്ള വിവരങ്ങൾ ഈ കരാറിന്‍റെ ദുരുഹത വർധിപ്പിക്കുകയാണന്നും എം.എൽ.എ പറഞ്ഞു.