എറണാകുളം: ചില രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സമ്മർദം ചെലുത്തിയെന്ന് എം.ശിവശങ്കർ. ഇതിന് വിസമ്മതിച്ചതാണ് തന്‍റെ അറസ്റ്റിന് കാരണമെന്ന് ശിവശങ്കര്‍ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചു. ലൈഫ് മിഷനിൽ തനിക്ക് കൈക്കൂലി ലഭിച്ചുവെന്ന ഇ.ഡി വാദം അടിസ്ഥാനരഹിതമാണ്. ബാഗേജ് വിട്ടു കൊടുക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടില്ലെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. ലോക്കറിലെ പണം സംബന്ധിച്ച് ഇ.ഡിയ്ക്ക് രണ്ട് റിപ്പോർട്ടുകളിൽ വ്യത്യസ്ഥ നിലപാടാണ്. തന്‍റെ മൊഴികൾ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്ത് മാധ്യമ വിചാരണക്ക് അവസരമൊരുക്കുകയാണ്. ഇതിലൂടെ കോടതിക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണ് ലക്ഷ്യമെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.
![sivashankar against enforcement enforcement directorate trivandrum gold case m sivasankar എം ശിവശങ്കർ ലൈഫ് മിഷന്‍ കേസ് ഇഡിക്കെതിരെ ശിവശങ്കര്‍ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിൻ്റെ ജാമ്യ ഹർജി](https://etvbharatimages.akamaized.net/etvbharat/prod-images/kl-ekm-01-shivashankar-customs-updates-script-7206475_16112020161815_1611f_1605523695_79.jpg)
സ്വപ്നയും ചാർട്ടേർഡ് അക്കൗണ്ടന്‍റായ വേണുഗോപാലും തമ്മിലുള്ള വാട്‌സആപ്പ് സന്ദേശത്തിന്‍റെ പൂർണരൂപവും ശിവശങ്കർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ സന്ദേശങ്ങൾ പരിശോധിക്കണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടു. ശിവശങ്കറിന്‍റെ ജാമ്യ ഹർജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തു. സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിയാമെന്ന സ്വപ്നയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കാക്കനാട് ജയിലിലെത്തിയാണ് ചോദ്യം ചെയ്തത്. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ ചോദ്യം ചെയ്യാനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നത്. എന്നാൽ ഉച്ചയ്ക്ക് 2.15 നാണ് കസ്റ്റംസ് സംഘം ജയിലിലെത്തിയത്. ചോദ്യം ചെയ്യലിന് ശേഷം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ കൂടി ശിവശങ്കറിനെ പ്രതിചേർക്കുന്നതിന്‍റെ ഭാഗമായാണ് കസ്റ്റംസ് നീക്കമെന്നാണ് സൂചന.