എറണാകുളം: സ്വർണക്കടത്ത് കേസിൽ കാരാട്ട് റസാഖ് എംഎൽഎക്കും കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനും പങ്കുണ്ടെന്ന് പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ. കസ്റ്റംസിന് നൽകിയ മൊഴിയിലാണ് സാക്ഷിയായ സൗമ്യയുടെ വെളിപ്പെടുത്തലുള്ളത്.
റമീസ് സ്വർണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയാണ്. സ്വർണക്കടത്തിനെ എതിർത്തപ്പോൾ സന്ദീപ് ശാരീരികമായി ദ്രോഹിച്ചുവെന്നും സൗമ്യ മൊഴിയില്‍ പറയുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് സന്ദീപിന്‍റെ വീട്ടിൽ കൊണ്ടുവന്നാണ് സ്വർണം മറ്റ് ഇടപാടുകാർക്ക് എത്തിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.
ഇലക്ട്രോണിക്ക് ഉപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ്ണം വീട്ടിൽ എത്തിച്ചതും, ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് സിലിണ്ടർ രൂപത്തിലുള്ള സ്വർണം അഴിച്ചെടുത്തതും സൗമ്യയുടെ മൊഴിയിലുണ്ട്. താൻ ഇടനിലക്കാരന്‍ മാത്രമാണെന്നും സ്വപ്നയും സരിത്തും ചേര്‍ന്നാണ് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം എത്തിച്ചതെന്നും സന്ദീപ് പറഞ്ഞതായും സൗമ്യ മൊഴി നൽകിയിട്ടുണ്ട്.
സൗമ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാരാട്ട് ഫൈസലിനെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തതെന്ന് സൂചനയുണ്ടായിരുന്നു. സ്വപ്നയുടെ പങ്കാളിത്തത്തോടെ സന്ദീപും സരിത്തും റമീസും നടത്തുന്ന സ്വർണക്കടത്തിനെ കുറിച്ച് സൗമ്യക്ക് അറിയാമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ജൂലൈ എട്ടിന് കൊച്ചിയിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തത്.
സ്വർണക്കടത്ത് കേസിൽ കോഫേപോസ ചുമത്തുന്നതിന്‍റെ ഭാഗമായി കോഫേപോസ അഡ്വൈസറി ബോർഡിനും കേന്ദ്ര ഇക്കണോമിക് ഇന്‍റലിജൻസ് ബ്യൂറോയ്ക്ക് കസ്റ്റംസ് സമർപ്പിച്ച വിശദമായ റിപ്പോർട്ടിലും സൗമ്യയുടെ മൊഴിയിലുള്ള കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നത്.