കൊച്ചി: പ്രതീക്ഷകള്‍ അവസാനിച്ചതിനാല്‍ അവസാനത്തെ താമസക്കാരനും മരട് ഫ്ളാറ്റുകള്‍ ഒഴിഞ്ഞുപോയി. വര്‍ഷങ്ങളുടെ അധ്വാനം കൊണ്ട് സമ്പാദിച്ചവ ചേര്‍ത്തുവച്ച് വാങ്ങിയ ഫ്ളാറ്റ് ഉപേക്ഷിച്ച് പോകേണ്ടിവരുന്നതിന്‍റെ നിരാശയാണ് ഓരോ മുഖത്തും. മൂന്നംഗ സമിതി റിപ്പോർട്ട് തെറ്റായിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നുവെങ്കിൽ തങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നുവെന്നാണ് ഫ്ളാറ്റുടമകള്‍ പറയുന്നത്. നീതി നിഷേധത്തിന്റെ ഇരകളാണ് തങ്ങളെന്ന് ഹോളി ഫെയ്ത്തിലെ ഫ്ലാറ്റുടമയായ ആന്റണി പറഞ്ഞു. അനുയോജ്യമായ താമസ സൗകര്യം ഇതുവരെ ലഭിച്ചിട്ടില്ല. വർഷങ്ങളോളം കഴിഞ്ഞ ഫ്ലാറ്റൊഴിഞ്ഞത് ഏറെ വേദനയോടെയാണെന്നും ആന്‍റണി വിശദീകരിച്ചു.
സാധന സാമഗ്രികൾ പൂർണമായും മാറ്റുന്നതിനുള്ള അവസാനവട്ട ശ്രമത്തിലാണ് ഫ്ലാറ്റുടമകൾ. താമസക്കാരൊഴിഞ്ഞ സാഹചര്യം മുതലെടുത്ത് ഫ്ലാറ്റുകളിൽ മോഷണം നടത്തിയ ഒരാളെ ഫ്ലാറ്റുടമകൾ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഉടമകൾ വിദേശത്തായതിനാൽ അടഞ്ഞുകിടക്കുന്നത് പതിനഞ്ച് ഫ്ലാറ്റുകളാണ്. ഏഴാം തീയതിക്കകം ഇവരെത്തി ഫ്ലാറ്റ് ഒഴിഞ്ഞില്ലെങ്കിൽ നഗരസഭ നേരിട്ടൊഴിപ്പിക്കും. പതിനൊന്നാം തീയതി ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള കമ്പനിക്ക് കൈമാറിയാൽ പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം പൂർണമായും നിരോധിക്കും.