എറണാകുളം: സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. 'നെക്ടർ ഓഫ് ലൈഫ്' എന്ന് പേരിലറിയപ്പെടുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.കെ ശൈലജ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. മുലപ്പാൽ ലഭിക്കാത്ത നവജാത ശിശുക്കൾക്ക് മുലപ്പാൽ ഉറപ്പ് വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തീവ്രപരിചരണ വിഭാഗത്തിൽ മുലപ്പാൽ ലഭിക്കാത്ത കുഞ്ഞുങ്ങൾക്ക് പ്രാരംഭ ഘട്ടത്തിൽ ബാങ്കിൽ നിന്നും തികച്ചും സൗജന്യമായി മുലപ്പാൽ ലഭ്യമാകും.
മുലപ്പാൽ ബാങ്കെന്ന ആശയം ഇന്ത്യയിൽ മൂന്ന് പതിറ്റാണ്ട് മുമ്പ് തന്നെ നിലയിൽ വന്നിരുന്നു. എന്നാൽ കേരളത്തിൽ ആദ്യമായാണ് ഈ സംരഭം ആരംഭിക്കുന്നത്. ശേഖരിക്കുന്ന പാൽ ആറ് മാസം വരെ കേടു കൂടാതെ ബാങ്കിൽ സൂക്ഷിക്കാനാകും. മാസം തികയുന്നതിന് മുമ്പ് ജനിക്കുന്ന കുഞ്ഞുങ്ങൾ, തൂക്കം കുറഞ്ഞു ജനിക്കുന്ന കുഞ്ഞുങ്ങൾ ആവശ്യമായ പാൽ നൽകാൻ കഴിയാത്ത അമ്മമാരുടെ കുഞ്ഞുങ്ങൾ, അമ്മമാരിൽ നിന്ന് പല കാരണങ്ങളാൽ അകന്നു കഴിയേണ്ടി വരുന്ന കുഞ്ഞുങ്ങൾ എന്നിവർക്ക് ബാങ്കിൽ നിന്നുള്ള പാസ്ചറൈസ് ചെയ്ത മുലപ്പാൽ നൽകുന്നത് അവരുടെ രോഗ പ്രതിരോധ ശേഷി കൂട്ടാനും അണുബാധ സാധ്യത കുറയ്ക്കാനും സഹായിക്കും. ആശുപത്രിയിൽ തുടർച്ചയായി വാക്‌സിനേഷനെത്തുന്ന അമ്മമാരിൽ നിന്ന് മാത്രമായിരിക്കും മുലപ്പാൽ ശേഖരിക്കുക. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ മുപ്പത്തിയഞ്ച് ലക്ഷം രൂപ ചെലവിലാണ് ബാങ്ക് സ്ഥാപിച്ചത്.