എറണാകുളം: സിറോ മലബാർ സഭയുടെ ഇരുപത്തിയൊൻപതാമത് മെത്രാൻ സിനഡ് ഇന്ന് തുടങ്ങും. എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാടിൽ സിറോ മലബാർ സഭയുടെ തലവൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന കോടതി വിധി സിനഡിൽ ചർച്ച ചെയ്യും. ആരാധാനക്രമം ഏകീകരിക്കുന്നതും പ്രധാന ചർച്ച വിഷയമാകും.
എറണാകുളം- അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന ജനാഭിമുഖ കുർബാന മാറ്റാൻ വത്തിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ അൾത്താര അഭിമുഖ കുർബാനയ്‌ക്കെതിരെ വിശ്വാസികളും വൈദികരും ശക്തമായ എതിർപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിനഡ് തീരുമാനമെടുക്കുക. കൊവിഡ് യാത്ര നിയന്ത്രണം നിലനിൽക്കുന്നതിനാൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലാണ് സിനഡ് നടക്കുന്നത്.
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കൂടാതെ ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്ന അറുപത്തിയൊന്ന് വൈദിക മേലധ്യക്ഷൻമാർ സിനഡിൽ പങ്കെടുക്കും.ഓൺലൈനായി സിനഡ് സമ്മേളനം നടത്തുന്നതിന് ആവശ്യമായ മാർഗരേഖ പൗരസ്ത്യസഭകൾക്ക് വത്തിക്കാൻ കാര്യാലയം നേരത്തെ നൽകിയിരുന്നു.
ഓഗസ്റ്റ് 16 തിങ്കളാഴ്‌ച മുതൽ 27 വെള്ളിയാഴ്‌ച വരെയുള്ള ഒരോ ദിവസവും വൈകുന്നേരം രണ്ടു മണിക്കൂർ വീതമാണ് സമ്മേളനം നടക്കുന്നത്. വിവിധ രാജ്യങ്ങളിലെ സമയ വ്യത്യാസം കണക്കിലെടുത്താണ് ഈ ക്രമീകരണം ഏർപ്പെടുത്തിയത്.
Read more: ഭൂമി ഇടപാട് കേസിൽ കുരുങ്ങി കർദിനാൾ മാർ ജോർജ് ആലഞ്ചേരി