എറണാകുളം: സ്വർണക്കടത്ത് കേസ് കേരളത്തിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയെ സമീപിച്ചതിനെ സ്വാഗതം ചെയ്‌ത് പ്രതികളിലൊരാളായ സ്വപ്‌ന സുരേഷ്. ഇഡിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് സ്വപ്‌ന കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിൽ കേസ് നടത്തിയാൽ തെളിയില്ലെന്നും സ്വപ്‌ന ആരോപിച്ചു.
സ്വപ്‌നയുടെ ആരോപണങ്ങള്‍: സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. അതിന്‍റെ ഭാഗമായിട്ടാണ് കേസ് അന്വേഷണം എൻഐഎയെ ഏല്‍പ്പിക്കാൻ ഇടപ്പെട്ടത്. രഹസ്യമൊഴി നൽകിയതിന് പിന്നാലെ ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്‌തു.
തന്‍റെ ഡ്രൈവർക്കെതിരെയും അഭിഭാഷകനെതിരെയും കേസെടുത്തു. ഇത്തരത്തിൽ തനിക്കെതിരെ നിരവധി നീക്കങ്ങളാണ് നടത്തിയത്. കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന ഇഡിയുടെ ആവശ്യം പ്രതീക്ഷ നൽകുന്നതാണ്.
കേരളത്തിലാണെങ്കിൽ ശരിയായ രീതിയിൽ കേസ് നടക്കില്ല. മുഖ്യമന്ത്രി ടെൻഷനിലാണ്, അദ്ദേഹം നോർമൽ അല്ലാതെ പ്രവർത്തിക്കുകയാണ്. തന്നെ പിന്തുണയ്ക്കുന്നവർക്കെതിരെ കേസ് എടുക്കുകയാണ്. സന്ദീപ് നായരെ ഉപയോഗിച്ച് ഇഡിക്കെതിരെ അന്വേഷണം നടത്തുന്നു.
കെ.ടി ജലീലിനെതിരെ തെളിവുണ്ട്: കെ.ടി ജലീലിനെതിരെയുള്ള തെളിവുകൾ വ്യാഴാഴ്‌ച കോടതിയില്‍ നല്‍കും. രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയത് ആരാണെന്ന് നാളെ അറിയാമെന്നും സ്വപ്‌ന അവകാശ വാദം ഉന്നയിച്ചു. കെ.ടി ജലീനെതിരായ തെളിവുകൾ എന്താണെന്ന് വെളിപ്പെടുത്താൻ സ്വപ്‌ന തയ്യാറായില്ല. ചോദ്യങ്ങൾക്ക് ഉത്തരം പറയണമോയെന്നത് താനാണ് തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
തനിക്കെതിരെ സിപിഎം പ്രാദേശിക നേതാവ് അധിക്ഷേപകരമായ പരാമർശം നടത്തിയെന്നും സ്വപ്‌ന പറഞ്ഞു. തനിക്കെതിരെ എൻഐഎ കേസെടുത്തപ്പോൾ പേടിക്കേണ്ടതില്ലെന്നാണ് എം ശിവശങ്കർ പറഞ്ഞത്. എൻഐഎയിലുള്ളത് കേരള പൊലീസിലെ ഓഫിസര്‍മാരാണെന്ന് ശിവശങ്കർ പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌ന ആരോപിച്ചു.