എറണാകുളം : സ്വപ്‌ന സുരേഷും പി.എസ് സരിത്തും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. പൊലീസിനെ ഉപയോഗിച്ച് സർക്കാർ വേട്ടയാടുന്നുവെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇരുവരും ആരോപിച്ചു. മുന്‍മന്ത്രി കെ.ടി ജലീലിന്‍റെ പരാതിയിൽ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ഒത്തുതീർപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചുവെന്ന് സ്വപ്‌ന ഹർജിയില്‍ ആരോപിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി കെ.പി യോഹന്നാന്‍റെ ഉടമസ്ഥതയിലുള്ള ഗോസ്‌പല്‍ ഫോർ ഏഷ്യ ഡയറക്‌ടര്‍ ഷാജി കിരൺ തന്നെ കാണാനായി വന്നു. ബുധനാഴ്‌ച ഉച്ചയ്ക്ക് 1.30 നാണ് ഷാജി കിരൺ തന്നെ സമീപിച്ചത്.
Also read: സ്വപ്‌ന സുരേഷിനും പി.സി ജോര്‍ജിനുമെതിരെ കേസ് ; നടപടി കെ.ടി ജലീലിന്‍റെ പരാതിയില്‍
മുഖ്യമന്ത്രിയെ കണ്ട് ഒത്തുതീർപ്പിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കൂടുതൽ വകുപ്പുകൾ ചുമത്തി ദീർഘകാലം ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി. ഷാജി കിരണിന് മുഖ്യമന്ത്രി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ട്. കോടിയേരിയുടെയും പിണറായിയുടെയും വിദേശ നിക്ഷേപം കൈകാര്യം ചെയ്യുന്നയാളാണ് ഷാജി കിരണെന്നും സ്വപ്‌ന ഹര്‍ജിയില്‍ ആരോപിക്കുന്നു.