എറണാകുളം: കൊച്ചിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് സംഘടിപ്പിച്ച മെഗാ സംഗമത്തിന് ലോക റെക്കോഡ്. മറൈന്‍ ഡ്രൈവില്‍ സജ്ജമാക്കിയ വേദിയില്‍ 101 ഊഞ്ഞാലുകളൊരുക്കി സംഘടിപ്പിച്ച 'ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം' എന്ന പരിപാടിയാണ് ലോക റെക്കോഡ് ബുക്കില്‍ സ്ഥാനം നേടിയത്. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മെഗാ സംഗമത്തിന് ശേഷം വേൾഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് ടീം സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥർക്ക് അവാർഡ് സമ്മാനിച്ചു.
പഴയകാല ആഘോഷകലകളെ അവയുടെ തനിമ ചോരാതെ അവതരിപ്പിച്ച് യുവതലമുറയ്‌ക്ക് പരിചയപ്പെടുത്തുക, ഒരുമയുടെ പ്രാധാന്യത്തെ കുറിച്ച് അറിയിക്കുക എന്നീ ലക്ഷ്യത്തോടെയാണ് വ്യത്യസ്‌തമായ തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്‌ണന്‍ പറഞ്ഞു. 101 ഊഞ്ഞാലുകളില്‍ ആളുകള്‍ ഒരുമിച്ചെത്തിയത് ഒരു ലോകറെക്കോഡാണ്. പരിപാടിയിൽ സന്തോഷവും ഒരുമയും ഉണ്ടായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരമ്പരാഗത രീതിയില്‍ മരവും കയറും ഉപയോഗിച്ചാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണമായ ഊഞ്ഞാലുകള്‍ സജ്ജമാക്കിയത്. പൊതുജന പിന്തുണകൊണ്ടും പരിപാടി ശ്രദ്ധേയമായിരുന്നു.