എറണാകുളം: കൊവിഡ് സാഹചര്യത്തിൽ പ്രവാസികളെ മടക്കി കൊണ്ടുവരുന്ന വന്ദേ ഭാരത് മിഷന്‍റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. ദുബായിയിൽ നിന്നുള്ള എയർ ഇന്ത്യാ വിമാനം 175 യാത്രക്കാരുമായി കൊച്ചിയിലെത്തും. ഐ.എക്സ് 434 വിമാനത്തിലെ 50 പേർ തൃശ്ശൂർ ജില്ലയിൽ നിന്നുള്ളവരാണ്. കോട്ടയം-18, എറണാകുളം-17, ആലപ്പുഴ-16, പാലക്കാട്- 10, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് എട്ടു പേർ, കണ്ണൂർ, കാസർകോഡ്, കൊല്ലം ജില്ലകളിൽ നിന്നുള്ള ഏഴു പേർ എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ള യാത്രക്കാർ.
മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ടു പേരും ഈ വിമാനത്തിലുണ്ട്. രണ്ടാം ഘട്ടത്തിൽ ജൂൺ മൂന്ന് വരെ പത്തൊമ്പത് വിമാനങ്ങളാണ് കൊച്ചിയിൽ എത്തുന്നത്. അബുദബി, മസ്‌കറ്റ്, ദോഹ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ വിമാനങ്ങൾ നേരിട്ട് കൊച്ചിയിലെത്തും. ഇതിനു പുറമെ സാൻ ഫ്രാൻസിസ്കോ, മെൽബൺ, അർമേനിയ, മനില എന്നിവിടങ്ങളിൽ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റുകളും സര്‍വീസ് നടത്തും.
കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രോഗലക്ഷണമുള്ളവരെ പ്രത്യേക വഴിയിലൂടെ ആശുപത്രിയിലേക്ക് കൊണ്ടു പോകും. ജില്ലക്ക് പുറത്തുള്ളവരെ അതത് ജില്ലാ കേന്ദ്രങ്ങളിലെ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലും എത്തിക്കും.