എറണാകുളം: മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്‍റെ ആത്മകഥ "അഗ്നി ചിറകുകൾ " മോഴ്സ് കോഡിലേക്ക് വിവർത്തനം ചെയ്ത കോതമംഗലം കുറ്റിലഞ്ഞി സ്വദേശിയായ സാഹിൽ ഷായ്ക്ക് രാജ്യാന്തര അംഗീകാരം. ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിന് പുറമേ ഏഷ്യ ബുക് ഓഫ് റെക്കോർഡ്സിലും സാഹിൽ ഷാ ഇടം നേടി. കുറ്റിലഞ്ഞി ഓലിപ്പാറ കാഞ്ഞിരക്കുഴി ഷാജി റജീല ദമ്പതികളുടെ മൂത്ത മകനാണ് സാഹിൽ. പൂനെയിൽ ടൊളാനി മാരിടൈ ഇൻസ്റ്റിറ്റ്യൂട്ടില്‍ ബി.എസ്.സി നോട്ടിക്കൽ സയൻസിൽ ആദ്യ വർഷ വിദ്യാർഥിയാണ്.
ടെലഗ്രാമിനായി ഉപയോഗിച്ചു വരുന്ന കോഡുകളാണ് മോഴ്സ് കോഡ്. പോസ്റ്റ് ഓഫീസുകളിലും ഹാം റേഡിയോകളിലും, സേന വിഭാഗങ്ങളും മാത്രമാണ് ഇത് ഉപയോഗിച്ച് വരുന്നത്. ഓൺലൈനിൽ കണ്ട് താല്‍പര്യം തോന്നിയാണ് മോഴ്‌സ് കോഡ് പഠിച്ചത്. ഒരു പുസ്തകം ആദ്യമായാണ് മോഴ്സ് കോഡിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നത്. 31 ദിവസം എടുത്ത് 600 പേജുകളിലായി പുസ്തകം രൂപപ്പെടുത്തിയത്. ചെറുവട്ടൂർ ഗവണ്‍മെന്‍റ് മോഡൽ ഹയർ സെക്കന്‍ററി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനത്തിന് ശേഷം കഴിഞ്ഞ വർഷമാണ് നോട്ടിക്കൽ സയൻസ് പഠിക്കുന്നതിനായി പൂനെയിലേക്ക് പോയത്. വേൾഡ് റെക്കോഡ് നേടാനുള്ള പരിശ്രമത്തിലാണ് സാഹിൽ ഷാ.