എറണാകുളം: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്‌ത കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. മൊഫിയ ഭര്‍തൃവീട്ടില്‍ നേരിട്ടത് കൊടിയ പീഡനമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മൊഫിയയെ മാനസിക രോഗിയാക്കാന്‍ ശ്രമം നടന്നു. മൊഫിയയുടെ ഭര്‍ത്താവ് സുഹൈൽ ലൈംഗിക വൈകൃതത്തിന് അടിമയായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
മൊഫിയ പൊലീസിന് നൽകിയ പരാതിയില്‍ പറയുന്ന വിവരങ്ങൾ ശരിവയ്ക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്. ഭര്‍ത്താവ് സുഹൈലും ഇയാളുടെ മാതാപിതാക്കളും അടിമയെ പോലെയാണ് മൊഫിയയെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നത്. ഭര്‍തൃമാതാവ് റുഖിയ സ്ഥിരമായി ഉപദ്രവിച്ചിരുന്നു.
ഭർത്താവ് സുഹൈൽ പലതവണ മൊഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. 40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനാല്‍ പീഡനം തുടരുകയായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, പ്രതികളെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യും.
Also read: CI Sudheer suspended: മൊഫിയക്ക് നീതി; സി.ഐ സുധീറിന് സസ്പെൻഷൻ