എറണാകുളം: ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവിയായി ചുമതലയേറ്റടുത്തത് മുതൽ പൊലീസിനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് പി.ടി.തോമസ് എംഎൽഎ. പുരാവസ്‌തു തട്ടിപ്പ് പ്രതി മോൻസണുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന സാഹചര്യത്തിൽ മെട്രോയുടെ ചുമതലയിൽ നിന്ന് ബെഹ്‌റയെ മാറ്റിനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബെഹ്‌റ പൊലീസ് മേധാവിയായത് മുതലുളള പൊലീസിന്‍റെ പ്രവർത്തനം അന്വേഷണ വിധേയമാക്കിയാൽ ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്ത് വരും.
'മുഖ്യമന്ത്രി മൗനം പാലിച്ചു'
ഡിജിപിക്കെതിരെ നിയമസഭയിൽ താൻ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി മൗനം പാലിച്ചുവെന്നും പി.ടി.തോമസ് ചൂണ്ടികാണിച്ചു. നിയമസഭയിൽ ഉന്നയിച്ചത് ബെഹ്‌റ 2016 ൽ പൊലീസ് മേധാവിയായത് മുതൽ സ്റ്റോക് പർചേഴ്‌സ് മാന്വൽ ലംഘിച്ചുളള ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു. പിന്നീട് വന്ന സിഎജി റിപ്പോർട്ട് പ്രകാരം താൻ ഉന്നയിച്ച കാര്യങ്ങളിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു.
'തട്ടിപ്പുകാരുടെ കാവലാളായി പൊലീസ്'
ഇടത് ഭരണത്തിൽ കേരള പൊലീസിലെ ഉന്നതർ തട്ടിപ്പിന്‍റെ ഭാഗമായി മാറിയിരിക്കുകയാണ്. ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറുകയാണ്. ഇതിന്‍റെ അവസാനത്തെ ഉദാഹരണമാണ് പുരാവസ്‌തു തട്ടിപ്പ് കേസ്. തട്ടിപ്പുകാരുടെ കാവലാളായി പൊലീസ് മാറിയെന്ന് തെളിഞ്ഞിരിക്കുകയാണ്. ഉന്നത പൊലീസുകാർക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിച്ചത് ജൂനിയർ ഉദ്യോഗസ്ഥരാണ്. ഇതിനാലാണ് സത്യം പുറത്ത് വരാത്തത്.
പൊലീസ് പ്രതിസ്ഥാനത്ത് വന്ന കേസുകളിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. മോൻസന്‍റെ വീട്ടിൽ കെപിസിസി പ്രസിഡന്‍റ് പോയത് ചികിത്സക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടങ്കിൽ അതും അന്വേഷിക്കട്ടെ. ആദ്യമായി ഈ വിഷയത്തിൽ പ്രതികരിച്ചത് അദ്ദേഹമാണ്. കെ.സുധാകരന്‍റെ സത്യസന്ധതയെയാണ് വേട്ടയാടുന്നതെന്നും പി.ടി.തോമസ് പറഞ്ഞു.
ALSO READ: സുധാകരനെ പോലൊരു മാലിന്യം ഉള്ളപ്പോള്‍ ആത്മഭിമാനത്തോടെ പ്രവര്‍ത്തിക്കാനാവില്ല: സോളമൻ