എറണാകുളം: സിനിമ മേഖലയിൽ സ്‌ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമ നിർമാണം വേണമെന്ന അഭിപ്രായം സർക്കാരിന്‍റെ പരിഗണനയിലെന്ന് നിയമ വകുപ്പ് മന്ത്രി പി രാജീവ്. നിലവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് മൂന്നംഗ സമിതി പഠിച്ചു വരികയാണ്. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സമഗ്രമായ നിയമനിര്‍മാണത്തെ കുറിച്ച് സർക്കാർ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്‌ത്രീകളുടെ പ്രശ്‌നം പരിഹരിക്കാൻ നിയമ നിർമാണം വേണമെന്നാവശ്യവുമായി ഡബ്ല്യു.സി.സി അംഗങ്ങൾ മന്ത്രിയെ സന്ദർശിച്ചു. കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നിയമ നിർമാണം നടത്തുമ്പോൾ തങ്ങളുമായി ചർച്ച നടത്തണമെന്ന ആവശ്യമാണ് മന്ത്രിയോട് ഉന്നയിച്ചതെന്ന് ഡബ്ല്യു.സി.സി അംഗങ്ങൾ പറഞ്ഞു. ഈ ആവശ്യം മന്ത്രി അംഗീകരിച്ചിട്ടുണ്ട്.
ALSO READ കുതിരാന്‍ തുരങ്കത്തില്‍ ലൈറ്റുകള്‍ തകര്‍ത്ത ലോറി പൊലീസ് കസ്റ്റഡിയില്‍
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യൂ.സി.സി ആവശ്യപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലെ നിരീക്ഷണങ്ങള്‍ അറിയിക്കണമെന്നാണ് സംഘടനയുടെ നിലപാടെന്നും ഡബ്യു.സി.സി അംഗങ്ങൾ വ്യക്തമാക്കി. സിനിമ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച സർക്കാർ നിയമ നിര്‍മാണം വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. കൊച്ചി കളമശ്ശേരി കുസാറ്റ് ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു ഡബ്യുസിസി അംഗങ്ങൾ നിയമ മന്ത്രി പി രാജീവുമായി കൂടിക്കാഴ്‌ച നടത്തിയത്.
നേരത്തെ വനിതാ കമ്മിഷൻ അധ്യക്ഷയെ ഡബ്യു.സി.സി അംഗങ്ങൾ സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് നിയമ മന്ത്രിയേയും സന്ദർശിച്ചത്.
ALSO READ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകി അതിർത്തി കടക്കാൻ ശ്രമം; മലയാളികൾക്കെതിരെ കർണാടക പൊലീസ് കേസെടുത്തു