എറണാകുളം : ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ നായകൻ ഒളിമ്പ്യൻ ഒ ചന്ദ്രശേഖരന്‍റെ ഒന്നാം ചരമവാർഷിക ദിനത്തിൽ കൊച്ചിയിൽ അനുസ്‌മരണ ചടങ്ങ് സംഘടിപ്പിച്ചു. മഹാരാജാസ് കോളജ് പൂർവ വിദ്യാർഥി സംഘടന സംഘടിപ്പിച്ച പരിപാടിയിൽ ഒളിമ്പ്യൻ ചന്ദ്രശേഖരന്‍റെ ഛായാചിത്രം മഹാരാജാസ് കോളജ് ഗ്രൗണ്ട് പവലിയനിൽ മേയർ എം. അനിൽകുമാർ അനാഛാദനം ചെയ്തു. ഒളിമ്പ്യൻ ചന്ദ്രശേഖരന് ഉചിതമായ സ്‌മാരകം നിർമിക്കുന്നതിനെക്കുറിച്ച് കൊച്ചി കോർപറേഷൻ ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഛായാചിത്രം പുതിയ തലമുറ അദ്ദേഹത്തെ ഓർമിക്കാൻ കാരണമാകും. ഒളിമ്പ്യൻ ചന്ദ്രശേഖരനെ പോലുള്ള പ്രതിഭകൾ എല്ലാ കാലത്തും ഓർമിക്കപ്പെടുമെന്നും മേയർ കൂട്ടിച്ചേർത്തു. ചടങ്ങിൽ ഒളിമ്പ്യൻ ചന്ദ്രേശേഖരന്‍റെ ഭാര്യ വിമല, മകൻ സുനിൽ, പഴയ കാല ഫുട്ബോൾ പരിശീലകൻ റൂഫസ് ഉൾപ്പടെ പ്രമുഖർ പങ്കെടുത്തു.
ഇതിഹാസ താരം : 1954 മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ച് വളർന്ന ഒളിമ്പ്യൻ ചന്ദ്രശേഖരൻ ഇന്ത്യൻ ഫുട്ബോളിന്‍റെ നായകസ്ഥാനത്തേക്ക് ഉയരുകയും ചരിത്രം സൃഷ്‌ടിക്കുകയുമായിരുന്നു. 1960ലെ റോം ഒളിമ്പിക്‌സിൽ മത്സരിച്ച ഇന്ത്യൻ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. റോം ഒളിമ്പിക്‌സിൽ ഫുട്‌ബോൾ കളിച്ച ഇന്ത്യക്കാരിൽ ജീവിച്ചിരുന്ന അവസാന താരത്തെയാണ് കഴിഞ്ഞ വർഷം ഒ.ചന്ദ്രശേഖരന്‍റെ വിയോഗത്തോടെ നഷ്‌ടമായത്.
1962 എഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിലും അദ്ദേഹമുണ്ടായിരുന്നു. 1958 മുതൽ 1966 വരെ ദേശീയ ടീമിന്‍റെ ഭാഗമായിരുന്ന ചന്ദ്രശേഖരൻ 1969ലാണ് കാൽപന്ത് കളിയില്‍ നിന്നും ഔദ്യോഗികമായി വിരമിച്ചത്. 1962ലെ ഏഷ്യൻ കപ്പിലും 1959, 1964 വർഷങ്ങളില്‍ മെർദേക്ക കപ്പില്‍ വെള്ളി നേടിയ ടീമിലും അംഗമായിരുന്നു.
1956-1966 വർഷങ്ങളിൽ മഹാരാഷ്‌ട്രയ്‌ക്കായി സന്തോഷ് ട്രോഫി കളിച്ചു. 1963ൽ നായകനായി കിരീടവും നേടിയിരുന്നു. ഇരിങ്ങാലക്കുട ഗവ. ഹൈസ്‌കൂളിലും തൃശൂർ സെന്‍റ് തോമസ് കോളജിലും എറണാകുളം മഹാരാജാസ് കോളജിലുമായാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്.