കൊച്ചി: തെരഞ്ഞെടുപ്പ് ചൂടിൽ കത്തി നിൽക്കുന്ന രാജ്യം ഇതിനോടകം തന്നെ ഒട്ടേറെ പുതുമനിറഞ്ഞ പ്രചാരണ രീതികൾക്ക് സാക്ഷ്യംവഹിച്ചു കഴിഞ്ഞു. അതില്‍ വേറിട്ട പ്രചാരണ രീതിയുമായി താരമായിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്‍റെ മകൾ ആറുവയസ്സുകാരി ക്ലാര അന്ന ഈഡൻ. പാർലമെന്‍റ് ഇലക്ഷനിൽ മത്സരിക്കുന്ന അച്ഛന് പിന്തുണതേടി കൊണ്ടുള്ള പ്രചാരണ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ മെജോ ജോസഫാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനം ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
കൊച്ചു ക്ലാരയുടെ ഓമനത്തവും ,അച്ഛനോടുള്ള സ്നേഹവും മറ്റുള്ള പ്രചരണ ഗാനങ്ങളിൽ നിന്ന് ഈ ഗാനത്തെ വേറിട്ടതാക്കുന്നു. ഹൈബി ഈഡൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുന്നേ ക്ലാര പാടിയ പറയൂ പറയൂ തത്തമ്മേ എന്ന നഴ്സറി ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. വിനായക് ശശികുമാറിന്‍റെ വരികളിലൂടെ തനതായ ഭാവങ്ങളും കുട്ടിത്തം നിറഞ്ഞ ശബ്ദംകൊണ്ടും എല്ലാവരുടെയും ശ്രദ്ധ പിടിച്ചു വച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.