എറണാകുളം : മൂവാറ്റുപുഴ ആര്‍ബന്‍ ബാങ്ക് സി.ഇ.ഒ ജോസ് കെ പീറ്റര്‍ രാജിവച്ചു. രാജി അംഗീകരിച്ചുവെന്ന് ബാങ്ക് ചെയര്‍മാനായ ഗോപി കോട്ടമുറിക്കല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഗൃഹനാഥന്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ നാല് കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്‌തി ചെയ്ത നടപടി വിവാദമായതിന് പിന്നാലെയാണ് സി.ഇ.ഒയുടെ രാജി.
നേരത്തെ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സഹകരണ മന്ത്രി വി.എന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് ജപ്‌തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. സംഭവത്തില്‍ നടന്നതെന്തെന്ന് പരിശോധിക്കാന്‍ സഹകരണ സംഘം രജിസ്ട്രാരെ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു.
പകരം താമസസ്ഥലം ഉണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ജപ്‌തി നടത്താവൂ എന്നാണ് സര്‍ക്കാര്‍ നയം. ഇതിന് വിരുദ്ധമായാണ് മൂവാറ്റുപുഴയിലെ നടപടിയെന്ന് സഹകരണ സംഘം രജിസ്ട്രാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്.
വിവാദമായ ജപ്‌തി : കഴിഞ്ഞ ശനിയാഴ്‌ചയാണ് മൂവാറ്റുപുഴയിലെ പായിപ്രയില്‍ അജേഷിന്‍റെ വീട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് അധികൃതര്‍ ജപ്‌തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് ആശുപത്രിയിലായിരിക്കെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്‌തി ചെയ്യാനെത്തിയത്. വീട്ടില്‍ അജേഷിന്‍റെ കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഈ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ബാങ്ക് അധികൃതരെ വിളിച്ച് കാര്യങ്ങള്‍ മനസിലാക്കുകയും സാവകാശം വേണമെന്നും വീട് തുറന്നുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഏറെ വൈകിയും അധികൃതര്‍ സ്ഥലത്തെത്താത്തിനാല്‍ എം.എല്‍.എ തന്നെ പൂട്ട് പൊളിച്ച് വീട് തുറന്നുകൊടുത്തു.
പിന്നാലെ ജപ്‌തി ചെയ്ത വീടിന്‍റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് മാത്യു കുഴല്‍നാടന്‍ ബാങ്കിന് കത്തും നല്‍കി. എന്നാല്‍ വീടിന്‍റെ വായ്‌പ കുടിശ്ശിക അടച്ചതായി ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ തന്‍റെ കട ബാധ്യത തീര്‍ക്കാന്‍ ബാങ്കിലെ ജീവനക്കാര്‍ ശേഖരിച്ച പണം വേണ്ടെന്ന് അജേഷ് പ്രതികരണവുമായി രംഗത്തെത്തി.
മാത്യു കുഴല്‍നാടന്‍ എംഎല്‍എ തന്‍റെ ബാധ്യത ഏറ്റെടുത്ത ശേഷമാണ് ജീവനക്കാര്‍ രംഗത്തെത്തിയതെന്നും സംഭവത്തില്‍ അവര്‍ തന്നെയും കുടുംബത്തെയും നിരവധി തവണ അവര്‍ അപമാനിച്ചിട്ടുണ്ടെന്നും അജേഷ് പറഞ്ഞു.