കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകൾക്കുള്ള നഷ്‌ടപരിഹാരത്തുക സംബന്ധിച്ച റിപ്പോര്‍ട്ട് ജസ്റ്റിസ് കെ. ബാലകൃഷ്‌ണന്‍ നായർ അധ്യക്ഷനായ നഷ്‌ടപരിഹാര നിർണയ സമിതി സര്‍ക്കാരിന് കൈമാറി. എല്ലാ ഫ്ലാറ്റ് ഉടമകൾക്കും സുപ്രീംകോടതി നിർദേശിച്ച 25 ലക്ഷം ലഭിക്കില്ലെന്ന് വ്യക്തമാക്കിയാണ് കമ്മിറ്റിയുടെ ഇടക്കാല ശുപാർശ. 14 ഉടമകൾക്ക് ഇടക്കാല നഷ്ടപരിഹാരം നൽകാൻ കമ്മിറ്റി ശുപാര്‍ശ ചെയ്‌തു.ഭൂമിയുടെയും കെട്ടിടത്തിന്‍റെയും മൂല്യം പരിഗണിച്ചാണ് സമിതി പ്രാഥമിക ശുപാർശ സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.
13 ലക്ഷം രൂപ മുതൽ 25 ലക്ഷം വരെയാണ് നഷ്ടപരിഹാരം നിശ്ചയിച്ചിട്ടുള്ളത്. ആകെ 2,56,06,096 രൂപയാണ് ഇടക്കാല നഷ്‌ടപരിഹാരമായി നല്‍കേണ്ടിവരുക. ആകെയുള്ള 325 ഫ്ലാറ്റുടമകളില്‍ 241 പേർ കഴിഞ്ഞദിവസം രേഖകൾ സർക്കാരിന് ഹാജരാക്കിയിരുന്നു. ഗോൾഡൻ കായലോരം, ആൽഫ സെറീൻ ഫ്ലാറ്റുകളിലെ നാലു വീതം ഉടമകൾക്കും ജെയിൻ കോറൽ കോവിലെ ആറു ഉടമകൾക്കുമാണ് ഇടക്കാല നഷ്ടപരിഹാരം നൽകുന്നത്.
ഒരുകോടി പത്തുലക്ഷം രൂപ നഷ്‌പരിഹാരം ആവശ്യപ്പെട്ട് സമീപിച്ച് ആളുകൾക്ക് സമിതി നിർദേശിച്ചത് 14 ലക്ഷത്തി നാൽപ്പതിനായിരം രൂപയാണ്. രണ്ടുകോടി ആവശ്യപ്പെട്ട മറ്റൊരു ഉടമയ്ക്ക് 25 ലക്ഷവും സമിതി നിർദേശിച്ചിട്ടുണ്ട്.