എറണാകുളം: നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പത്രപ്രവർത്തകൻ... കേരളത്തിന്‍റെ സാഹിത്യ, രാഷ്ട്രീയ മേഖലകളില്‍ നിർണായക സാന്നിധ്യമായിരുന്ന കെ.എൽ മോഹനവർമ്മ അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് ഓർമകൾ പങ്കുവെയ്ക്കുകയാണ്.
1951 ൽ ഇന്‍റര്‍മീഡിയറ്റിന് പഠിക്കുമ്പോഴാണ് തിരുകൊച്ചി നിയമസഭാ തെരെഞ്ഞെടുപ്പ് നടന്നത്. അന്നാണ് ആദ്യമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കിയത്. കോൺഗ്രസ്, സിപിഐ, ആർഎസ്‌പി, തമിഴ്നാട് കോൺഗ്രസ്, ബിഎസ്‌പി പാർട്ടികളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്.
ബികോം കഴിഞ്ഞ് കേന്ദ്ര സർക്കാർ ജീവനക്കാരനായി ഗ്വാളിയോറിലേക്ക് പോയി. അന്ന് അവിടെ തെരെഞ്ഞെടുപ്പ് നടന്നെങ്കിലും പ്രായമാകാത്തതിനാൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നും കെ.എൽ.മോഹനവർമ്മ പറഞ്ഞു. 1956 ൽ മധ്യപ്രദേശ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഗ്വാളിയോർ അസംബ്ലി സീറ്റുകളിൽ ഒന്നിൽ വിജയിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയായിരിന്നു. മധ്യപ്രദേശിൽ താൻ കണ്ട തെരഞ്ഞെടുപ്പില്‍ ആളുകൾ സ്വതന്ത്രമായി വോട്ടു ചെയ്യുന്നുവെന്ന് തോന്നിയിട്ടില്ല. സിന്ധ്യാ മഹാരാജാവിന്‍റെ ആളുകള്‍ പറയുന്നവർക്കായിരുന്നു മിക്കയാളുകളും വോട്ട് ചെയ്തിരുന്നത്. അന്ന് മധ്യപ്രദേശിൽ മൂന്ന് സീറ്റുകളിലെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി വിജയിച്ചിരുന്നു. ഇന്ന് ആ മേഖലകളിലൊന്നും പാര്‍ട്ടിയില്ല. 1965 ൽ ഗ്വാളിയാറില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തി. സ്വതന്ത്രനായി മത്സരിച്ച മറാഠി കവിക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്നും കെ.എൽ.മോഹനവർമ്മ ഓര്‍ത്തെടുക്കുന്നു.
കേന്ദ്ര സർവീസിൽ നിന്നും സ്വയം വിരമിച്ച ശേഷം 1976 ലാണ് കേരളത്തിൽ ആദ്യമായി വോട്ട് ചെയ്തത്. കെ.ആർ.ഗൗരിയമ്മയ്ക്ക് മോഹനവർമ്മയുടെ അമ്മ കാട്ടുങ്കൽ കോവിലകത്ത് ലക്ഷമിക്കുട്ടിയമ്മയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അമ്മയെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്കായിരുന്നു വോട്ട് ചെയ്തത്. ഗാന്ധിയനും ജ്യോതിശാസ്ത്ര അധ്യാപകനുമായ അച്ഛൻ എം.ആർ കേരളവർമ്മ എന്നും കോൺഗ്രസിനായിരുന്നു വോട്ട് ചെയ്തിരുന്നത്. തനിക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് രേഖപ്പെടുത്താൻ സ്വാതന്ത്ര്യമുണ്ടായിരുന്നു.
കവികളും കഥയെഴുത്തുകാരും ഏതൊങ്കിലുമൊരു രാഷ്ട്രീയ പാർടിയുടെ ആളാകുന്നതിനോട് യോജിപ്പില്ലെന്നും കെ.എൽ മോഹനവർമ്മ വ്യക്തമാക്കി. ഭരിക്കേണ്ടത് രാഷ്ട്രീയക്കാർ തന്നെയാണ്. സാമ്പത്തിക മേഖല പ്രമേയമാക്കി ഓഹരി, സ്റ്റോക്ക് എക്സ്‌ചേഞ്ച് തുടങ്ങിയ നോവലുകളും, കായിക മേഖലയുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് എന്ന നോവലും സിനിമയെക്കുറിച്ചും എഴുതിയിട്ടുള്ള കെ.എൽ.മോഹനവർമ്മ രാഷ്ട്രീയം മുഖ്യവിഷയമാക്കി നോവൽ എഴുതാത്തത് എന്ത് കൊണ്ടാണ് എന്ന ചോദ്യത്തിന് മനപൂർവ്വം ഒഴിവാക്കിയതെന്നായിരുന്നു മറുപടി.
എല്ലാ രാഷ്ട്രീയ പാർട്ടിക്കാരോടും ബഹുമാനമാണ്. എല്ലാവരും ജനങ്ങൾക്ക് നല്ലത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ്. സ്വന്തം മണ്ഡലത്തിൽ സ്ഥാനാർഥിയെ നോക്കിയാണ് താൻ വോട്ട് ചെയ്യാറുള്ളത്. അതിൽ ഇത്തവണയും മാറ്റമില്ലന്നും കെ.എൽ മോഹനവർമ്മ വ്യക്തമാക്കി. ഇ.എം.എസ് തന്‍റെ ഓഹരിയെന്ന പുസ്തകം വായിച്ചിരുന്നു. തന്‍റെയും ഇ.എം.എസ്സിന്‍റെയും സാമ്പത്തിക വീക്ഷണങ്ങൾ വ്യത്യസ്ഥമായിരുന്നു. ഓഹരി വായിച്ചുവെന്ന് മാത്രമാണ് ഇ.എം.എസ് പറഞ്ഞത്. പിന്നീട് ദേശാഭിമാനിയിൽ ക്രിക്കറ്റിനെ കുറിച്ച് തന്നെ കൊണ്ട് എഴുതിച്ചിരുന്നു. കെ. കരുണാകരനെ അഭിമുഖം നടത്തിയതാണ് പത്രപ്രവർത്തനമേഖലയിലേക്കുള്ള തന്‍റെ വരവിന് കാരണമായതെന്നും മോഹന വര്‍മ്മ പറഞ്ഞു. 85-ാം വയസിലും എഴുത്തിലും സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായ മോഹനവര്‍മ്മ, രാഷ്ട്രീയവേദികളിലും സജീവമാണ്. വരുന്ന ഏപ്രിൽ ആറിന് ആവേശത്തോടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ കാത്തിരിക്കുകയാണ് നഗരജീവിതത്തിന്‍റെ എഴുത്തുകാരൻ എന്നറിയപ്പെടുന്ന കെ.എൽ. മോഹനവർമ്മ.