എറണാകുളം : കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിൽ സർക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി. അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്‌തു. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാരിന് നോട്ടിസ് അയച്ചു.
ഇ.ഡിയുടെ വാദം ശരിവച്ച് ഹൈക്കോടതി
കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണ കമ്മിഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന ഇ.ഡി യുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ജുഡീഷ്യൽ കമ്മിഷനെതിരെ കോടതിയെ സമീപിക്കാൻ ഇഡിക്ക് അവകാശമില്ലെന്ന സർക്കാർ വാദം ഹൈക്കോടതി അംഗീകരിച്ചില്ല.
മുഖ്യമന്ത്രി, സ്‌പീക്കർ, മന്ത്രിമാർ എന്നിവർക്കെതിരെ കേന്ദ്ര ഏജൻസികൾ വ്യാജ തെളിവുകളുണ്ടാക്കി കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണം അന്വേഷിക്കാനാണ് സംസ്ഥാന സർക്കാർ ജസ്റ്റിസ് വികെ മോഹനനെ കമ്മിഷനായി നിയമിച്ചത്. ഇതിനുപിന്നാലെയാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്.
'മുഖ്യമന്ത്രിയുടെ ഉത്തരവ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ'
ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചുകൊണ്ട് മുഖ്യമന്ത്രി ഉത്തരവിറക്കിയത് ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണെന്ന് ഇ.ഡി കോടതിയിൽ വാദിച്ചു. കമ്മിഷന്‍റെ അന്വേഷണ പരിഗണനാവിഷയങ്ങളില്‍ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ ശബ്ദരേഖ, സന്ദീപ് നായരുടെ കത്തിലൂടെയുള്ള ആരോപണം എന്നിവ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിലവിൽ പരിശോധന നടക്കവെ സമാന്തര അന്വേഷണം നടത്തുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്ന വാദമാണ് ഇ.ഡി ഉന്നയിച്ചത്.
ഈ കേസിലെ പ്രധാന പ്രതികളെ അടക്കം ജുഡീഷ്യൽ കമ്മിഷൻ വിളിച്ചുവരുത്തി വിസ്‌തരിക്കാനുളള സാധ്യതയുണ്ട്. ഇത് സ്വർണക്കടത്ത് കേസ് തന്നെ ദുർബലപ്പെടാന്‍ ഇടയാക്കും. ആയതിനാൽ ജുഡീഷ്യൽ അന്വേഷണം തടയണമെന്നും ഇ.ഡി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
READ MORE: കേന്ദ്ര ഏജൻസികൾക്ക് എതിരെ അന്വേഷണം: ENFORCEMENT DIRCTORATE ഹൈക്കോടതിയിയില്‍