തിരുവനന്തപുരം : കൊവിഡ് വാക്‌സിനേഷനായി രജിസ്റ്റർ ചെയ്യാൻ ഒ.ടി.പി ലഭിക്കുമെങ്കിലും വാക്സിൻ എടുക്കേണ്ട സെന്‍ററും സമയവും വ്യക്തമാക്കുന്ന സ്ളോട്ട് ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് ഹൈക്കോടതി. കേന്ദ്ര സർക്കാരിന്‍റെ വാക്‌സിൻ നയത്തിനെതിരെയുള്ള ഒരു കൂട്ടം ഹർജികളിൽ ജസ്‌റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമുണ്ടായിരുന്നപ്പോൾ ഈ പ്രശ്നം ഒരുപരിധിവരെ പരിഹരിക്കാൻ കഴിഞ്ഞിരുന്നെന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ അഭിഭാഷകൻ വിശദീകരിച്ചു. കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്സിൻ നയത്തിന്‍റെ അടിസ്ഥാനത്തിൽ വാക്സിൻ വിതരണത്തിന് വ്യക്തമായ പദ്ധതി നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ തയ്യാറാക്കുമെന്ന് സർക്കാർ വിശദീകരിച്ചു.
also read: ലക്ഷദ്വീപില്‍ ഭക്ഷ്യധാന്യ വിതരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി
വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നവരെ കൊവിഡ് മുന്നണിപ്പോരാളികളായി അംഗീകരിച്ച് വാക്സിൻ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു.
മെയ് 19 ലെ സർക്കാർ ഉത്തരവിനുശേഷം മുൻഗണനാലിസ്റ്റ് പുനര്‍നിർണയിച്ചിട്ടുണ്ടെങ്കിൽ ഹാജരാക്കാനും സർക്കാർ അഭിഭാഷകന് നിർദേശം നൽകി. തുടർന്ന് ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.