എറണാകുളം: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ പ്രതികൾക്ക് ഹൈക്കോടതി ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചു. ഒന്നും രണ്ടും പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥര്‍ എസ്.വിജയൻ, തമ്പി.എസ്.ദുർഗാദത്ത് എന്നിവർക്കാണ് മുൻകൂര്‍ ജാമ്യം ലഭിച്ചത്. അറസ്റ്റ് ചെയ്‌താൽ രണ്ടാഴ്‌ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
കേസിലെ പതിനൊന്നാം പ്രതിയായ പി.എസ്. ജയപ്രകാശിനെ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവും കോടതി നീട്ടിയിട്ടുണ്ട്. നമ്പി നാരായണന്‍റെ അഭിഭാഷകൻ ജാമ്യ ഹർജികളെ എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. വിശദമായ വാദത്തിന് അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകാൻ സമയം വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു.
പരിശോധനയില്‍ അന്താരാഷ്‌ട്ര ഗൂഢാലോചനയും
ഇരുപ്രതികളെയും അറസ്റ്റ് ചെയ്‌താൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. നമ്പി നാരായണനെതിരായ ഐഎസ്ആർഒ ചാരക്കേസിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടായോ എന്ന് പരിശോധിക്കുന്നതായി സിബിഐ കോടതിയെ അറിയിച്ചിരുന്നു. നമ്പി നാരായണനെ അറസ്റ്റ് ചെയ്‌തത് തെളിവോ രേഖയോ ഇല്ലാതെയാണ്.
പൊലീസുദ്യോഗസ്ഥർ ചാരക്കേസ് ഗൂഢാലോചനയിൽ പങ്കാളികളാണന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സിബിഐ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. പൊലീസ് ഉദ്യോഗസ്ഥർ എന്ന നിലയ്ക്ക് മാത്രമാണ് പ്രവർത്തിച്ചത്.
വർഷങ്ങൾക്ക് ശേഷം ആരോപണം ഉയർന്നത് സംശയകരമാണ്. അന്വേഷണവുമായി സഹകരിക്കാമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഈ കേസിൽ പ്രതികളിൽ നിന്ന് രേഖകൾ കണ്ടെടുക്കേണ്ടതില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയിൽ സൂചിപ്പിരുന്നു.
Also Read: ഐഎൻഎൽ യോഗത്തിലെ കൈയാങ്കളി; മന്ത്രിയെ ഒഴിവാക്കി പൊലീസ് കേസ്