എറണാകുളം: കൊവിഡ് ബാധിച്ച് ആലുവയിലെ ജില്ല ആശുപത്രിയിൽ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന രോഗി ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങി ഓടിയത് പരിഭ്രാന്തി പരത്തി. കീഴ്‌മാട് സ്വദേശി റാഫേലാണ് ഒരു മണിക്കൂറോളം ജീവനക്കാരെയും മറ്റ് രോഗികളെയും മുൾമുനയിൽ നിർത്തിയത്. പിന്നീട് ഇയാളെ ജീവനക്കാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി.കൊവിഡ് രണ്ടാം വരവിൽ മരണങ്ങൾ വർധിച്ചതോടെ നിരവധി പേരാണ് ജീവഹാനിഭയവും മറ്റും മൂലം മനപ്രയാസങ്ങള്‍ പ്രകടിപ്പിക്കുന്നത്.
Also read: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ മെയ് 20ന്
ഒരാഴ്ചയായി കൊവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു റാഫേല്‍. രോഗത്തെ കുറിച്ചുള്ള ആശങ്ക മൂലം അക്രമാസക്തനായി പെരുമാറാന്‍ തുടങ്ങിയപ്പോള്‍ പൊലീസ് സഹായത്തോടെ വീട്ടുകാർ ഇദ്ദേഹത്തെ ആലുവ ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർ പരിശോധിച്ച് കൊണ്ടിരിക്കവെയാണ് ഇയാള്‍ ഇറങ്ങി ഓടിയത്.
ഒരു മണിക്കൂറോളം ആശുപത്രി പരിസരത്ത് ഇയാള്‍ ഭീതി പരത്തി. പലതവണ ഡോക്ടർമാരും വീട്ടുകാരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ പൊലീസും ജീവനക്കാരും ചേർന്ന് ഇയാളെ കീഴടക്കി. ശേഷം ഇയാളെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. കൊവിഡ് രണ്ടാം തരംഗത്തിൽ മരണങ്ങൾ വര്‍ധിച്ചതോടെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.