എറണാകുളം : സംസ്ഥാനത്ത് കടകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ നയപരമായി തീരുമാനമെടുക്കാൻ സമയമായെന്ന് ഹൈക്കോടതി. വസ്ത്ര വില്‍പ്പനശാലകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ച സംബന്ധിച്ചും കോടതി വിമർശനമുന്നയിച്ചു. സംസ്ഥാനത്ത് ആൾക്കൂട്ട നിയന്ത്രണം ഫല പ്രദമായി നടക്കുന്നില്ല. ആളുകൾ സാമൂഹിക അകലം പാലിക്കുന്നില്ല. ആകെയുള്ളത് മാസ്ക് മാത്രമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
വിദഗ്ദ സമിതി നിർദ്ദേശങ്ങളാണ് നടപ്പിലാക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വസ്ത്ര വില്‍പ്പന ശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനും കോടതി സർക്കാരിന് നിർദ്ദേശം നൽകി. വസ്ത്രശാലകൾ തുറക്കാൻ അനുമതി ആവശ്യപ്പെട്ട് നൽകിയ ഹർജി പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി.
also read: വ്യാപാരികളുമായി ചർച്ച ; മുഖ്യമന്ത്രിയുടേത് വൈകിവന്ന വിവേകം: ഉമ്മൻ ചാണ്ടി