എറണാകുളം : കൊച്ചി മെട്രോയുടെ പ്രവർത്തനം പ്രതിസന്ധിയിലെന്ന് ഹൈബി ഈഡൻ എംപി. ആറ് മാസമായി മെട്രോയ്ക്ക് എംഡിയില്ല. എത്രയും വേഗം സർക്കാർ എംഡിയെ നിയമിക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെടു.
മെട്രോയുടെ തുടർ വികസന പ്രവർത്തനങ്ങൾ തടസപ്പെട്ടത് സർക്കാരിന്‍റെ വീഴ്‌ചയാണ്. മെട്രോയ്ക്ക് അതിൻ്റെ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല. പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമാണ് കൂടുതൽ ഉപകാരപ്രദമാവുക.
കൂടുതൽ യാത്രക്കാരെ പ്രതീക്ഷിക്കാവുന്ന പാതയാണിത്. എന്നാൽ രണ്ടാം ഘട്ടത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ ക്യാബിനറ്റ് ക്ലിയറൻസ് ഇതുവരെ ലഭ്യമായിട്ടില്ല.
രാജ്യത്തെ മെട്രോ എംഡിമാരുടെ യോഗം ഡൽഹിയിൽ നടന്നപ്പോൾ കൊച്ചി മെട്രോയുടെ പ്രതിനിധി മാത്രമാണ് ഇല്ലാതിരുന്നത്. അനുബന്ധ പദ്ധതികൾ നടപ്പിലാക്കിയാൽ മാത്രമേ മെട്രോ സാമ്പത്തികമായി ലാഭകരമാക്കാൻ കഴിയുകയുള്ളൂ.
ഇത് പൂർത്തീകരിക്കുന്നതിൽ ഗുരുതര വീഴ്‌ച സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും ഹൈബി ഈഡൻ കുറ്റപ്പെടുത്തി. സാധാരണ സർക്കാർ ഏജൻസിയുടെ നിലവാരത്തിലേക്ക് മെട്രോ മാറുകയാണ്.
വിഷയം കോൺഗ്രസ് എംഎൽഎമാർ നിയമസഭയിൽ ഉന്നയിക്കും. വാട്ടർ മെട്രോ സർവീസ് ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്നെന്നും അദ്ദേഹം ആരോപിച്ചു.
Also read: 'ലീഗിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു'; വിടാതെ കെ.ടി. ജലീൽ