എറണാകുളം : മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണ ആരോപണത്തിൽ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് തെളിവ് നൽകിയെന്ന് കെ.ടി.ജലീൽ എം.എൽ.എ. കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തി മൊഴി നൽകിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തിൽ കൂടുതൽ കാര്യങ്ങൾ അറിയാനാണ് തന്നെ ഇ.ഡി. നോട്ടിസ് നൽകി വിളിപ്പിച്ചത്. ഇപ്പോൾ നൽകിയ രേഖകൾക്ക് പുറമെ കുറച്ച് രേഖകൾ കൂടി ആവശ്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ആ രേഖകളും സംഘടിപ്പിച്ച് ബന്ധപ്പെട്ടവർക്ക് നൽകും.
നാളെ കുഞ്ഞാലിക്കുട്ടിയെയും എഴാം തിയ്യതി അദ്ദേഹത്തിന്‍റെ മകനെയും ഇ.ഡി. വിളിപ്പിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിന്‍റെ ഭാഗമായി തന്നെയാകണം ഇരുവരെയും വിളിപ്പിച്ചത്. താൻ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ആണ് ഇ.ഡിക്ക് കൈമാറിയത്.
'മുസ്ലിം ലീഗ് കള്ളപ്പണം വെളുപ്പിക്കുന്നു'
എ.ആർ. നഗർ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ഇപ്പോൾ വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാർ രണ്ട് ദിവസം മുമ്പ് സമർപ്പിച്ചുകഴിഞ്ഞു. അതിന്‍റെ കോപ്പിയെടുത്ത ശേഷം മാധ്യമങ്ങളെ കാണും. ചന്ദ്രിക പത്രത്തിലെ മറ്റ് പലരുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെ കുറിച്ചുള്ള വിവരങ്ങളും ഇ.ഡി.ക്ക് നൽകിയിട്ടുണ്ട്. ചന്ദ്രിക ദിന പത്രത്തെയും ലീഗിന്‍റെ മറ്റ് സ്ഥാപനങ്ങളെയും മറയാക്കി കള്ളപ്പണം വെളുപ്പിക്കുക, അവിഹിതമായ ധന സമ്പാദനം നടത്തുക തുടങ്ങിയവ കുറച്ചുകാലമായി നടന്നുകൊണ്ടിരിക്കുകയാണെന്നും കെ.ടി.ജലീൽ ആരോപിച്ചു.
'ചന്ദ്രികയുടെ നാലരക്കോടി ഉപയോഗിച്ച് സ്ഥലം വാങ്ങി'
ചന്ദ്രികയുടെ നാലര കോടി രൂപ ഉപയോഗിച്ച് കോഴിക്കോട് നാലേകാൽ ഏക്കർ സ്ഥലം വാങ്ങിയിരുന്നു. മുസ്ലിം ലീഗിന്‍റെ ഓഫിസ് നിർമിക്കാനാണെന്നാണ് പറയുന്നത്. അതിൽ രണ്ടേകാൽ ഏക്കർ സ്ഥലം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലാണ്.
ആ സ്ഥലം കണ്ടൽ കാടുകൾ നിറഞ്ഞ ചതുപ്പ് നിലമാണ്. അതോട് അനുബന്ധിച്ചുള്ള നിർമാണ പ്രവർത്തനം നടത്താൻ പറ്റുന്ന രണ്ടേക്കർ സ്ഥലം വാങ്ങിയിട്ടുള്ളത് ഒരു പ്രമുഖ നേതാവിന്‍റെ മകന്‍റെ പേരിലാണ്. ഇത്തവണ അധികാരത്തിലെത്തിയാൽ ചതുപ്പ് നിലം നികത്തി കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും അത് പൊളിഞ്ഞുപോയന്നും ജലീൽ പറഞ്ഞു.
READ MORE: മുസ്ലിം ലീഗിനെതിരായ ആരോപണം ; ഇ.ഡി കെ.ടി ജലീലിന്‍റെ മൊഴി രേഖപ്പെടുത്തുന്നു