എറണാകുളം: സ്വർണക്കടത്തില്‍ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതികളിലൊരാളായ റബിൻസിനെ കൊച്ചിയിൽ എത്തിച്ചു. യു.എ.ഇയിൽ പിടിയിലായ പ്രതിയെ കൊച്ചിയിലേക്ക് അയക്കുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ റബിൻസിനെ എൻ.ഐ.എ കസ്റ്റഡിയിലെടുത്ത് കൊച്ചി ഓഫിസിലെത്തിച്ചു. യു.എ.ഇ കേന്ദ്രീകരിച്ച് സ്വർണക്കടത്ത് ഇടപാടുകൾക്ക് നേതൃത്വം നൽകിയതും ഇയാളും ഫൈസൽ ഫരീദും ചേർന്നായിരുന്നു. എൻ.ഐ.എ പ്രതി പട്ടികയിലുള്ള റബിൻസ് യു.എ.ഇയിൽ കസ്റ്റഡിയിലായ വിവരം എൻ.ഐ.എ കോടതിയെ അറിയിച്ചിരുന്നു.
കുറ്റവാളികളെ കൈമാറുന്ന കരാർ പ്രകാരമാണ് യു.എ.ഇ റബിൻസിനെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. മുഖ്യപ്രതികളിലൊരാളായ ഇയാളെ പിടികൂടാൻ കഴിയാത്തത് എൻ.ഐ.എയുടെ അന്വേഷണത്തെ ബാധിച്ചിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫൈസൽ ഫരീദ് അടക്കമുള്ള പ്രതികളാണ് യു.എ.ഇയിൽ അറസ്റ്റിലായത്. മുഴുവൻ പ്രതികളെയും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് എൻ.ഐ.എ. പ്രതികളെ നാട്ടിലെത്തിക്കാൻ ഇന്‍റര്‍പോളിന്‍റെ സഹായവും എൻ.ഐ.എ തേടിയിരുന്നു.