എറണാകുളം : കൊവിഡ് ഭീഷണിയുടെ സാഹചര്യത്തിൽ ഇത്തവണയും ഫോർട്ട് കൊച്ചിയിലെ വിപുലമായ പുതുവത്സരാഘോഷങ്ങൾ ഒഴിവാക്കി. പ്രശസ്‌തമായ ഫോർട്ട് കൊച്ചി കാർണിവൽ പേരിന് മാത്രമാണ് സംഘടിപ്പിക്കുന്നത്. റാലിയും പപ്പാഞ്ഞിയെ കത്തിക്കലും ഇത്തവണയുമില്ല.
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പുതുവത്സര ആഘോഷവേദിയായിരുന്നു ഫോർട്ട് കൊച്ചി കടപ്പുറം. സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി വൻ ജനാവലി പുതുവത്സരാഘോഷത്തിനായി കൊച്ചിയിലെത്തിയിരുന്നു.
കഴിഞ്ഞതവണത്തേതുപോലെ ഇത്തവണയും വിപുലമായ പരിപാടികൾ വേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. ഫോർട്ട് കൊച്ചിയിലെ പുതുവത്സരാഘോഷത്തെ വ്യത്യസ്ഥമാക്കിയിരുന്നത് പപ്പാഞ്ഞിയെ കത്തിക്കലായിരുന്നു. ആയിരങ്ങൾ ആർപ്പുവിളികളുമായി പങ്കെടുത്തിരുന്ന പരിപാടിയായിരുന്നു ഇത്.
പപ്പാഞ്ഞിയുടെ ഉത്ഭവം
പോർച്ചുഗീസ് ഭാഷയിൽ പപ്പാഞ്ഞി എന്നാൽ മുത്തച്ഛൻ എന്നാണ്. എന്നാൽ പുതുവർഷാഘോഷത്തിന്‍റെ ഭാഗമായി പപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടുള്ള ആഘോഷം പോർച്ചുഗീസുകാർക്കുണ്ടായിരുന്നില്ല. കൊച്ചി ഭരിച്ച ഡച്ചുകാർക്കോ ബ്രിട്ടീഷുകാർക്കോ ഇങ്ങനെയൊരു പരിപാടി ഉണ്ടായിരുന്നില്ല. പോർച്ചുഗീസുകാരുടെ പപ്പാഞ്ഞിയെന്ന വാക്ക് കടമെടുത്ത് പ്രദേശികമായി കൊച്ചി രൂപപ്പെടുത്തിയതാണ് ഈ പുതുവർഷ ചടങ്ങ്.
കടന്നുപോകുന്ന ഒരു വർഷത്തിന്‍റെ പ്രതീകമായാണ് കൂറ്റൻ പപ്പാഞ്ഞിയെ നിർമിക്കുന്നത്. നാല്‍പ്പത് അടിയോളം ഉയരത്തിലുള്ള പപ്പാഞ്ഞിയെ ഇരുമ്പ് കൂട്, ചാക്ക്, പുല്ല്, കടലാസ് എന്നിവ ഉപയോഗിച്ച് നിർമിക്കും. ഡിസംബർ 31ന് രാത്രി പന്ത്രണ്ട് മണിക്ക് പപ്പാഞ്ഞിയെ കത്തിക്കുന്നതോടെ ഒരു വർഷം എരിഞ്ഞടങ്ങി പ്രതീക്ഷകൾ നിറഞ്ഞ പുതിയ വർഷം സമാഗതമാകുമെന്നാണ് സങ്കല്‍പ്പം.
ആഘോഷത്തിരയിളക്കവുമായി കൊച്ചി കാര്‍ണിവല്‍
1985ൽ ആണ് ഫോർട്ടുകൊച്ചിയിൽ ജനകീയ 'കാർണിവലി'ന് തുടക്കം കുറിച്ചത്. വിവിധ പ്രദേശങ്ങളിൽ നടന്നിരുന്ന ചെറിയ പുതുവത്സര ആഘോഷങ്ങളെല്ലാം ഒന്നിച്ചുചേർത്ത് ഒരൊറ്റ ആഘോഷം എന്ന നിലയിലേക്ക് മാറ്റുകയായിരുന്നു. സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെയാണ് കൊച്ചി കാർണിവൽ സംഘടിപ്പിച്ചിരുന്നത്.
അതേസമയം, ക്രിസ്‌മസിനെ വരവേൽക്കാന്‍ കൊച്ചിയിലെ ദേവാലയങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും അണിഞ്ഞൊരുങ്ങി. പള്ളികളിൽ നടക്കുന്ന പാതിര കുർബാനയടക്കുള്ള ചടങ്ങുകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കും. തിരുപ്പിറവിയുടെ സന്തോഷം വിളംബരം ചെയ്‌ത് നക്ഷത്രങ്ങളും അലങ്കാര വിളക്കുകളുമാണ് കൊച്ചി നഗരത്തിലെവിടെയും ദൃശ്യമാകുന്നത്.
Also read: ലോകം തിരുപ്പിറവി ആഘോഷിക്കുമ്പോൾ... ആ പുല്‍ക്കൂടിന്‍റെ ജനനം ഇങ്ങനെയായിരുന്നു.. കഥ ഇതാണ്