എറണാകുളം: താൻ സ്വന്തം ഇഷ്ടത്തിന് കേരളം വിടുന്നതല്ല തന്നെ കേരളത്തില്‍ നിന്ന് ആട്ടിപ്പായിക്കുകയാണെന്ന് കിറ്റക്‌സ് എംഡി സാബു എം ജേക്കബ്. കേരളത്തിൽ നിന്നും പിന്മാറിയ 3500 കോടിയുടെ വ്യവസായ നിക്ഷേപ പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാൻ തെലങ്കാനയിലേക്ക് പോകവെയാണ് പ്രതികരണം. വ്യവസായ മന്ത്രിയുമായാണ് കിറ്റക്‌സ് ഗ്രൂപ്പിന്‍റെ ചര്‍ച്ച.
പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. തെലങ്കാന സർക്കാരിന്‍റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് കിറ്റക്‌സ് എംഡി സാബു എം ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഹൈദരാബാദിലേക്ക് തിരിച്ചത്. തെലങ്കാന സർക്കാർ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് സംഘത്തിന്‍റെ യാത്ര.
സാബു ജേക്കബിന്‍റെ വാക്കുകള്‍..
തന്‍റെ പ്രധാന സ്വപ്നമായിരുന്നു കേരളത്തിൽ പതിനായിരങ്ങൾക്ക് തൊഴിൽ നൽകണമെന്നത്. ഒരിക്കലും കേരളം വിട്ടു പോകണം എന്ന് ആഗ്രഹിച്ചിട്ടില്ല. പിടിച്ചു നിൽക്കാൻ പരമാവധി ശ്രമിച്ചു. സർക്കാരിനെ സമ്മർദത്തിൽ ആക്കാനല്ല ഈ യാത്ര, ഇനിയും സർക്കാരുമായി ചർച്ചക്ക് തയാറാണ്.
3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറുന്നുവെന്ന് പ്രഖാപിച്ചിട്ടും സംസ്ഥാന സർക്കാർ തന്നെ സമീപിച്ചില്ല. എന്നാൽ തെലങ്കാന ഉൾപ്പടെയുള സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വിളിച്ച് സംസാരിച്ചു. വ്യവസായികമായി ലോകം മാറി. എന്നാൽ കേരളം മാത്രം മാറിയില്ല.
ഇപ്പോഴും അമ്പത് വർഷം പിറകിലാണ്. നിരവധി പേർ ജോലി തേടി മറ്റു നാടുകളിലേക്ക് പോകുന്നു. ഇത്തരത്തിൽ പോയാൽ കേരളം പ്രായമായ അച്ഛൻ അമ്മമാരുടെ മാത്രം സംസ്‌ഥാനം ആയി മാറുമെന്നും സാബു ജേക്കബ് പറഞ്ഞു. വേദനയും വിഷമവും ഉണ്ടന്നും അദ്ദേഹം കൂട്ടി ചേർത്തു.
Also Read: "ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റ് ആകുമോ", സിപിഎമ്മിനോട് സിപിഐ