എറണാകുളം: എടത്തല ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ആഫ്രിക്കന്‍ ഒച്ചുകള്‍ കൃഷി നശിപ്പിക്കുന്ന സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പ്രീജ കുഞ്ഞുമോൻ.പരാതി പരിഗണിച്ച പഞ്ചായത്ത് അധികൃതര്‍ സ്ഥലങ്ങൾ സന്ദർശിക്കുകയും ആവശ്യമായ പരിഹാര മാർഗം ചെയ്‌ത് നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്‌തു. ആരോഗ്യ വകുപ്പിൽ നിന്നുള്ള റിപ്പോർട്ട് കൂടി വന്ന ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പ്രീജ കുഞ്ഞുമോൻ, മെമ്പർമാരായ സുമ്യ സത്താർ, നൗഷാദ്, തുടങ്ങിയവർ പറഞ്ഞു.
പ്രദേശത്തെ ആഫ്രിക്കന്‍ ഒച്ചുകളെ നശിപ്പിക്കുക എന്നത് ജനങ്ങളുടെ എറെ നാളത്തെ ആവശ്യമാണ് . കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തന്നെ പ്രശ്‌നം ഉന്നയിച്ച് പ്രദേശവാസികൾ പഞ്ചായത്തിൽ പരാതിപ്പെട്ടുവെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടർന്നാണ് വിഷയം വീണ്ടും പുതിയ ഭരണ സമിതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. കൃഷികള്‍ നശിപ്പിക്കുന്നതിന് പുറമെ നിരവധി ആരോഗ്യപ്രശ്‌നങ്ങളും ആഫ്രിക്കന്‍ ഒച്ചുകള്‍ മൂലം ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്. പുക്കാട്ടുപടി-പാലാഞ്ചേരിമുകൾ, മാളേക്കപടി തുടങ്ങിയ പ്രദേശങ്ങളിലാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ അധികമായി കാണപ്പെടുന്നത്.