എറണാകുളം : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ തുടർച്ചയായ രണ്ടാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നു. സ്വർണക്കടത്ത് കേസിൽ സ്വപ്‌ന നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസം ആരോഗ്യകരമായ കാരണങ്ങളെത്തുടർന്ന് ചോദ്യം ചെയ്യൽ നേരത്തെ അവസാനിപ്പിച്ചിരുന്നു.
തുടർന്നാണ് ഇന്ന്(23.06.2022) വീണ്ടും ഹാജരാകണമെന്ന് ഇഡി നിർദേശിച്ചത്. ഇന്നലെ(22.06.2022) അഞ്ചര മണിക്കൂറോളമാണ് ഇഡി സ്വപ്‌നയെ ചോദ്യം ചെയ്‌തത്. ഇന്നലെ നൽകിയ മൊഴികൾ ഉൾപ്പെടെ വിശകലനം ചെയ്‌താണ് ഇന്ന് ചോദ്യം ചെയ്യുന്നത്.
ഇഡി കൊച്ചി സോൺ അഡിഷണൽ ഡയറക്‌ടർ രാധാകൃഷ്‌ണന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. നേരത്തെ കോടതിയിൽ നൽകിയ രഹസ്യമൊഴി ഇന്നലെ സ്വപ്‌ന ആവർത്തിച്ചതായാണ് സൂചന. ഇരുപത്തിയേഴ് പേജുള്ള രഹസ്യ മൊഴിയുടെ പകർപ്പ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ഇഡിക്ക് ലഭിച്ചിരുന്നു.
ജീവന് ഭീഷണിയുണ്ടെന്നും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളിൽ രഹസ്യമൊഴി നൽകാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വപ്‌ന കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റിന് മുമ്പിൽ മൊഴി നൽകിയ ശേഷം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌ന ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി ദുബായിലേക്ക് കറൻസി കടത്തി, ദുബായ് കോൺസുൽ ജനറലിന്‍റെ വസതിയിൽ നിന്നും ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് വഴി കനമുള്ള ലോഹ കട്ടികൾ കടത്തി, എന്നിങ്ങനെയാണ് സ്വപ്‌ന ആരോപിച്ചത്.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിടാൻ സ്വപ്‌ന തയ്യാറായിട്ടില്ല. രഹസ്യമൊഴിയിൽ ഇവ നൽകിയെന്നായിരുന്നു സ്വപ്‌ന അവകാശപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, ഭാര്യ കമല , മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, മുൻ മന്ത്രി കെ ടി ജലീൽ എന്നിവർക്കെതിരെയും സ്വപ്‌ന ആരോപണമുന്നയിച്ചിരുന്നു. സ്വപനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഈ പ്രമുഖരെ
ഇഡി ചോദ്യം ചെയ്യുമോയെന്നതാണ് നിർണായകം.
Also read: രഹസ്യമൊഴിയിലെ ആരോപണങ്ങള്‍ : സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്‌ത് ഇഡി