എറണാകുളം : ആലുവയിൽ വൻ മയക്ക് മരുന്ന് വേട്ട. എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേർ ആലുവ റെയിൽവെ സ്റ്റേഷനിൽ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ രാഹുൽ, സൈനുൽ ആബിദ് എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്‌തത്. ട്രെയിന്‍ മാർഗം ഡൽഹിയിൽ നിന്നും എത്തിച്ച മൂന്ന് കിലോ എംഡിഎംഎയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.
അതിമാരകമായ സിന്തറ്റിക്ക് വിഭാഗത്തിൽ വരുന്ന ഈ മയക്കുമരുന്നിന് മൂന്ന് കോടിയോളം രൂപ വില വരും. എക്സൈസ് ഇൻ്റലിജൻസ് വിഭാഗം ഇൻസ്പെക്‌ടര്‍ മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. പാനി പൂരി, ഫ്രൂട്ട് ജ്യൂസ് എന്നിവയുടെ പാക്കറ്റുകളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയത്.
Also read: കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച്, ജീപ്പ് തല്ലിത്തകര്‍ക്കുന്ന ദൃശ്യങ്ങൾ
ഡൽഹി ഫരീദാബാദിൽ നിന്നാണ് മംഗള-ലക്ഷദ്വീപ് ട്രെയിനിൽ എറണാകുളത്തേക്ക് ഇവർ യാത്ര ചെയ്‌തത്. എറണാകുളത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡിജെ പാർട്ടികൾക്ക് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചെതെന്നാണ് പ്രതികൾ എക്സൈസിന് മൊഴി നൽകിയത്.
ആലുവ ആർപിഎഫിൻ്റെയും എക്‌സൈസിൻ്റെയും സഹായത്തോടെയായിരുന്നു റെയിൽവേ സ്റ്റേഷനിൽ പരിശോധന.