എറണാകുളം: ഔഷധി ചെയർമാൻ ഡോ. കെ ആർ വിശ്വംഭരന്‍റെ മൃതദേഹം സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെ പച്ചാളം പൊതു ശ്‌മശാനത്തിലാണ് സംസ്‌കാരം നടന്നത്. ഇടപ്പള്ളിയിലെ വസതിയിലെത്തി സാമൂഹത്തിന്‍റെ വ്യത്യസ്‌ത മേഖലയിലുള്ളവർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.
മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വിശ്വംഭരൻ വെള്ളിയാഴ്‌ച രാവിലെ 10 മണിയോടെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ആലപ്പുഴ, എറണാകുളം ജില്ലകളുടെ കലക്ടറായും കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അങ്കമാലി ടെല്‍ക്, റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി എന്നിവയുടെ എം.ഡി, പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍, സ്പോര്‍ട്‌സ് ഡയറക്‌ടര്‍, സ്പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സാക്ഷരത പ്രസ്ഥാനത്തിന്‍റെ ആദ്യകാല പ്രവര്‍ത്തകരിലൊരാളാണ് അദ്ദേഹം.
മാവേലിക്കര കാവില്‍ പരേതരായ കെ വി അച്യുതന്‍റെയും കെ എസ് തങ്കമ്മയുടെയും മകനാണ്. ഭാര്യ: പി എം കോമളം (എസ്ബിടി എറണാകുളം ശാഖാ മാനേജര്‍). വി അഭിരാമൻ ,വി. അഖില എന്നിവർ മക്കളാണ്.
READ MORE: ഔഷധി ചെയർമാൻ ഡോ. കെ.ആർ വിശ്വംഭരൻ അന്തരിച്ചു