എറണാകുളം :സമൂഹ മാധ്യമത്തിൽ വൈറലായി ഒരമ്മയുടെ ജീവിക്കാനുള്ള പോരാട്ടത്തിന്‍റെ നേർ സാക്ഷ്യമായ ദൃശ്യങ്ങൾ . ഇരുപത്തിമൂന്ന് സെക്കൻഡ് മാത്രമുള്ള ഈ ദൃശ്യം അതിജീവനത്തിന്‍റെയും പെൺകരുത്തിന്‍റെയും മാതൃക കൂടിയാണ്. സ്വന്തം പിഞ്ചു കുഞ്ഞിനെ കംഗാരു ബാഗിലാക്കി നെഞ്ചോടു ചേർത്ത് സ്വകാര്യ ഭക്ഷണ വിതരണ കമ്പനിക്കുവേണ്ടി സ്കൂട്ടറിൽ ഭക്ഷണ വിതരണം നടത്തുന്ന ഡെലിവെറി ഗേൾ ആണ് സമൂഹ മാധ്യമത്തിൽ വൈറലായ ദൃശ്യത്തിലെ താരം. മറ്റുള്ളവർക്കുള്ള ഭക്ഷണവുമായി ഇരു ചക്രവാഹനത്തിൽ ഓടുമ്പോഴും അമ്മയുടെ ചൂടും കൊടും വെയിലുമേറ്റ് കുഞ്ഞ് ഉറങ്ങുന്നതാണ് വീഡിയോയിലെ ഉള്ളുണർത്തുന്ന കാഴ്ച.
ഏതോ കാഴ്ചക്കാരൻ പകർത്തിയ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തതോടെ വീഡിയോ അതിവേഗം വൈറലാകുകയായിരുന്നു.
എറണാകുളം ഇടപ്പള്ളിയിൽ താമസിക്കുന്ന കൊല്ലം ചിന്നക്കട സ്വദേശി എസ്. രേഷ്മയാണ് ഈ യുവതി. എന്നാല്‍ വീഡിയോ വൈറല്‍ ആയ വിവരമൊന്നും രേഷ്മ അറിഞ്ഞിരുന്നില്ല . കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരി രേഷ്മ ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഈ വീഡിയോ പോസ്റ്റു ചെയ്യുകയായിരുന്നു.
വേറെ ഒരു മാർഗവുമില്ലാത്തതുകൊണ്ടാണ് കുഞ്ഞുമായി ജോലിക്കു പോകേണ്ടി വരുന്നതെന്ന് രേഷ്മ പറയുന്നു. ആഴ്ചയിൽ ആറു ദിവസവും കുഞ്ഞിനെ ഡേ കെയറിൽ വിടുന്നുണ്ട്. ഞായറാഴ്ച മാത്രമാണ് ജോലിക്കു പോകുമ്പോൾ കൂടെ കൂട്ടുന്നത്. ശനിയും ഞായറും ജോലി ചെയ്താൽ ഇൻസെന്‍റീവ് കൂടുതൽ കിട്ടും. സാമ്പത്തിക പ്രതിസന്ധിയുള്ള തനിക്ക് ഈ ദിവസങ്ങളിൽ ജോലി ചെയ്യാതിരിക്കാൻ കഴിയില്ലെന്നും രേഷ്മ പറയുന്നു.
രേഷ്മ വിവാഹിതയായി കൊച്ചിയിലെത്തിയിട്ട് നാലു വർഷമായി. സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹമായതിനാൽ വീട്ടുകാരുടെ സഹകരണമില്ല .പ്ലസ്ടു സയൻസ് ജയിച്ച ശേഷം ഒരു ഡിപ്ലോമ കോഴ്സ് ചെയ്തു. അതുകഴിഞ്ഞായിരുന്നു വിവാഹം. തുടർന്നാണ് കലൂരിലെ ഒരു സ്ഥാപനത്തിൽ കോർപ്പറേറ്റ് അക്കൗണ്ടിങ് കോഴ്സ് പഠിക്കാൻ തുടങ്ങിയത്. അതിനു ഫീസടയ്ക്കാൻ കൂടി പണം വേണമെന്നതിനാലാണ് അൽപം കഷ്ടപ്പെട്ടായാലും ജോലിക്കു പോകാൻ തീരുമാനിച്ചതെന്ന് രേഷ്മ പറയുന്നു.
ഭർത്താവ് രാജു ജോലിക്കായി ഗൾഫിൽ പോയിട്ട് ഒരു വർഷം കഴിഞ്ഞു. ഹോട്ടൽ ജോലി ചെയ്യുന്ന അദ്ദേഹം എല്ലാ മാസവും ചെറിയ ഒരു തുക അയച്ചു തരുമെങ്കിലും മതിയാകാത്ത അവസ്ഥയാണ് .വീട്ട് വാടകയ്ക്ക് പണം വേണം, ഡേ കെയറിലും മറ്റു ചെലവുകളും കഴിഞ്ഞാൽ ഓരോ മാസവും ചെലവ് തന്നെയാണ് കൂടുതൽ. പഠിക്കുന്ന സ്ഥാപനത്തിൽ ഫീസ് അടയ്ക്കാൻ പോലും രേഷ്മ പ്രയാസപ്പെടുകയാണ്. ക്ലാസുള്ള ദിവസങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ രാത്രി ഒമ്പതു മണി വരെ ഭക്ഷണ വിതരണത്തിനു പോകും. വിശക്കുന്ന ഒരാൾക്ക് ഭക്ഷണമെത്തിക്കുന്ന ജോലി ചെയ്യാൻ സന്തോഷമാണെന്നും രേഷ്മ പറയുന്നു.